രാഹുലിനും ഖാർഗെക്കും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച അനുവദിച്ചില്ല
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ചലോ ദില്ലി മാർച്ചിന് മുന്നോടിയായി ചീഫ് ജസ്റ്റിസിനെ കാണാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് അനുമതി ലഭിച്ചില്ല. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നൽകിയ അഭ്യർഥന ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിക്കുകയായിരുന്നു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നത് ജുഡീഷ്യൽ മര്യാദക്കും ഭരണഘടനാ തത്ത്വങ്ങൾക്കും ചേർന്നതാകില്ലെന്ന് വിശദീകരിച്ചാണ് അഭ്യർഥന നിരസിച്ചത്. നേരിൽക്കണ്ട് നിവേദനം സമർപ്പിക്കുന്നതിനുപകരം ഔപചാരികമായ ഹരജി ഫയൽ ചെയ്യാൻ കോൺഗ്രസ് നേതാക്കൾക്കുള്ള കത്തിൽ ചീഫ് ജസ്റ്റിസ് നിർദേശിക്കുകയും ചെയ്തു. വോട്ടുകൊള്ളയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളും ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിനെ നേരിൽക്കണ്ട് നിവേദനം നൽകാൻ നേതാക്കൾ ശ്രമിച്ചത്. ഇൻഡ്യ സഖ്യ നേതാക്കൾ നേരത്തെ രാഷ്ട്രപതിയെ കണ്ടിരുന്നു.
പ്രതിഷേധിച്ച വിദ്യാർഥികളെ കൂട്ടത്തോടെ തടങ്കലിലാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ട്രെയിനുകൾ റദ്ദാക്കുകയുമൊക്കെ ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ചീഫ് ജസ്റ്റിസിനെ കാണാൻ ശ്രമിച്ചത്. എല്ലാ പൗരന്മാർക്കും കോടതിയെ സമീപിക്കാമെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നിയമപരമായി കഴിയുന്നതൊക്കെ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വാർത്താലേഖകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

