മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തിങ്കളാഴ്ച വിരമിക്കും
text_fieldsന്യൂഡൽഹി: ബി.ജെ.പി അനുകൂല തീരുമാനങ്ങളുടെ പേരിൽ നിരന്തരം പഴികേട്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ ഫെബ്രുവരി 18ന് വിരമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടുന്ന ഉന്നത സമിതിയാണ് അടുത്ത തെരഞ്ഞെടുപ്പ് കമ്മീഷണറെ പ്രഖ്യാപിക്കുക. ഉന്നത സമിതി യോഗം തിങ്കാഴ്ച ചേർന്നേക്കും. സെർച്ച് കമ്മറ്റി ഷോർട്ട്ലിസ്റ്റ് ചെയ്തവരിൽ നിന്നാണ് സിഇസിയെ തെരഞ്ഞെടുക്കുക.
ഈ വർഷം ബിഹാറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെയും, 2026ൽ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും മേൽനോട്ടം പുതിയ സിഇസി ആയിരിക്കും വഹിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. രാജീവ് കുമാറിന് ശേഷം മുതിർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
മുമ്പ്, തെരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഏറ്റവും മുതിർന്നയാളെയാണ് സി.ഇ.സിയായി നിയമിച്ചിരുന്നത്. പുതുക്കിയ പ്രക്രിയ പ്രകാരം, സെലക്ഷൻ പാനലിനുള്ളിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടത്തുന്നത്.
2022 ലാണ് രാജീവ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ആയി നിയമിതനായത്. തുടർന്ന് നിരവധി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. ബി.ജെ.പി പക്ഷപാതം കാണിക്കുന്നുവെന്ന് പ്രതിപക്ഷം ഇദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അതിനിടെ, നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട നിരവധി പൊതുതാൽപര്യ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജികളിൽ ഫെബ്രുവരി 19 ന് വാദം കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

