Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വോട്ടവകാശമില്ലാത്ത പൗരന്മാരെ സൃഷ്ടിക്കുന്നു’; എസ്.ഐ.ആറിനെതിരെ വിമർശനവുമായി ചിദംബരം

text_fields
bookmark_border
‘വോട്ടവകാശമില്ലാത്ത പൗരന്മാരെ സൃഷ്ടിക്കുന്നു’; എസ്.ഐ.ആറിനെതിരെ വിമർശനവുമായി ചിദംബരം
cancel

ചെന്നൈ: വോട്ടർപട്ടികയുടെ തീവ്രപരിശോധന(എസ്.ഐ.ആർ) നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരം. എസ്.ഐ.ആർ നടപടിയിലൂടെ വോട്ടവകാശമില്ലാത്ത പൗരന്മാരുടെ പുതിയൊരു വിഭാഗം സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുൻ ഇന്ത്യൻ അംബാസഡർ നവ്ദീപ് സൂരി എസ്.ഐ.ആർ നടപടിക്കിടെ തനിക്ക് പോലും ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ടിവന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരാൾക്ക് തന്നെ ഇത്തരം സാഹചര്യം നേരിടേണ്ടിവരുന്നുവെങ്കിൽ സാധാരണ പൗരന്മാരുടെ അവസ്ഥ എന്തായിരിക്കുമെന്നായിരുന്നു നവ്ദീവ് സൂരിയുടെ ചോദ്യം.

എസ്.ഐ.ആർ നടപടികൾ പൂർത്തിയാകുമ്പോൾ പ്രായപൂർത്തിയായവരുടെ 10 ശതമാനം പേർ പൗരന്മാരായി തുടരുമ്പോഴും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ചിദംബരം പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.

പഞ്ചാബിൽ എസ്.ഐ.ആർ നടപടിയുടെ ഭാഗമായി 2003ലെ വോട്ടർപട്ടികയിലെ വിവരങ്ങളുമായി തന്റെ വിവരങ്ങൾ പൊരുത്തപ്പെടാത്തതായി അറിയിച്ചെന്നാണ് നവ്ദീപ് സൂരി വെളിപ്പെടുത്തിയത്. അതേസമയം എസ്.ഐ.ആർ നടപടിയുടെ ഭാഗമായി നോട്ടീസ് ലഭിക്കുന്നത് ആശങ്കപ്പെടേണ്ട കാര്യമല്ലെന്ന് പഞ്ചാബ് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

പഞ്ചാബിൽ എസ്.ഐ.ആറിന്‍റെ രണ്ടാം ഘട്ട നടപടികൾ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 13ന് സംസ്ഥാനത്തെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ കരട് പട്ടിക പരിശോധിക്കുകയും അവകാശവാദങ്ങളും പരാതികളും സമർപ്പിക്കുകയും ചെയ്യുന്ന നടപടികളാണ് നടക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chidambaram Criticizes SIR Process
Next Story