Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്ത്യൻ ആദിവാസികളോട് വിവേചനം; ശവസംസ്കാരത്തിന് ഭൂമി നൽകില്ലെന്ന് ഛത്തീസ്ഗഢ് ഗ്രാമസഭ

text_fields
bookmark_border
ക്രിസ്ത്യൻ ആദിവാസികളോട് വിവേചനം; ശവസംസ്കാരത്തിന് ഭൂമി നൽകില്ലെന്ന് ഛത്തീസ്ഗഢ് ഗ്രാമസഭ
cancel

സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്പള്ളി ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികളായ ആദിവാസികൾക്ക് മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭാ തീരുമാനം വിവാദത്തിൽ. മതപ്രചാരണത്തിനായി പാസ്റ്റർമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി ബാനർ സ്ഥാപിച്ചിട്ടുണ്ട്. മതപരിവർത്തനം ലക്ഷ്യമിട്ടോ മറ്റ് മതപരമായ പ്രവർത്തനങ്ങൾക്കായോ പരിപാടികൾ നടത്താൻ അനുവദിക്കില്ലെന്നും ബാനറിൽ പറയുന്നു.

ഗ്രാമപഞ്ചായത്ത് അടുത്തിടെ അംഗീകരിച്ച 12 തീരുമാനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് പുന്പള്ളിയിൽനിന്നുള്ള ജനപത് അംഗം മഡ്കം ഭീമ പറഞ്ഞു. ഏകദേശം 2,000 പേർ താമസിക്കുന്ന ഗ്രാമത്തിൽ ക്രിസ്ത്യൻ വിശ്വാസികളായ 21 കുടുംബങ്ങളിലായി 75 പേരാണുള്ളത്. തീരുമാനം നടപ്പായാൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ 13 കിലോമീറ്ററിലേറെ അകലെയുള്ള ധോർണാപാലിലേക്കോ 40 കിലോമീറ്ററിലേറെ അകലെയുള്ള സുക്മ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടിവരും.

സുക്മയിൽ ഇതുവരെ നാല് ഗ്രാമങ്ങൾ സമാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും ഭീമ പറഞ്ഞു. ഏതാനും മാസം മുമ്പ് എറബോറിലാണ് ഇത് ആരംഭിച്ചത്. തുടർന്ന് പോളമ്പള്ളിയിലും സമാന തീരുമാനം ഉണ്ടായെന്നും ക്രമേണ എല്ലാ ഗ്രാമങ്ങളിലും ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശമായതിനാൽ ഒക്ടോബർ രണ്ടിന് ചേർന്ന ഗ്രാമസഭാ യോഗത്തിൽ 1996ലെ പഞ്ചായത്തുകൾ (പട്ടികവർഗ മേഖലകളിലേക്കുള്ള വിപുലീകരണം) നിയമമായ പി.ഇ.എസ്.എ ചൂണ്ടിക്കാട്ടിയാണ് തീരുമാനം എടുത്തത്. ആദിവാസി സംസ്കാരം, പാരമ്പര്യം, സാമൂഹിക ഐക്യം, സാംസ്കാരിക സ്വത്വം എന്നിവ സംരക്ഷിക്കാനുള്ള അവകാശം ഗ്രാമസഭക്കുണ്ടെന്നും പ്രലോഭനം, സമ്മർദം തുടങ്ങിയ മാർഗങ്ങളിലൂടെയുള്ള മതപരിവർത്തന പ്രവർത്തനങ്ങൾ ഇവയെ ബാധിക്കുന്നുവെന്നുമാണ് ബാനറിൽ പറയുന്നത്.

എന്നാൽ ഒരു ഇന്ത്യൻ പൗരന് ഗ്രാമത്തിൽ പ്രവേശിക്കുന്നത് തടയാനാകില്ലെന്നും സ്വന്തം മതം ആചരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അഭിഭാഷകൻ സുദീപ് ശ്രീവാസ്തവ പറഞ്ഞു. ഗ്രാമത്തിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്ക് മൃതദേഹം സംസ്കരിക്കാൻ ഭൂമി അനുവദിക്കില്ലെന്ന തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബസ്തർ മേഖലയിൽ ഇത്തരത്തിൽ തീരുമാനമെടുക്കുന്ന പത്താമത്തെ ഗ്രാമമെങ്കിലും ഇതാണെന്ന് ബസ്തർ ജില്ലാ റൂറൽ ക്രിസ്ത്യൻ സർവീസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നുകേഷ് ബാഗേൽ പറഞ്ഞു.

മൃതദേഹം സംസ്കാരവുമായി ബന്ധപ്പെട്ട കേസിൽ ഈ വർഷം ആദ്യം സുപ്രീംകോടതി പുറപ്പെടുവിച്ച ഭിന്നവിധി ചിലർ ദുരുപയോഗം ചെയ്യുകയാണെന്നും നുകേഷ് ആരോപിച്ചു. ആദിവാസി ക്രിസ്ത്യാനികളുടെ മൃതദേഹങ്ങൾ ബലമായി പുറത്തെടുക്കുന്നതിന് ഫെബ്രുവരിയിൽ സുപ്രീംകോടതി ഇടക്കാല സ്റ്റേ നൽകിയിരുന്നു. ഇതിന് പിന്നാലെ മൃതദേഹം സംസ്കരിക്കാൻ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

2025 ജനുവരിയിലെ കേസിൽ ക്രിസ്ത്യൻ പാസ്റ്ററായ പിതാവിന്റെ മൃതദേഹം സ്വന്തം ഗ്രാമത്തിൽ സംസ്കരിക്കാൻ മകൻ രമേഷ് ബാഗേൽ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചത്. ഗ്രാമപഞ്ചായത്ത് അധികൃതർ സംസ്കാരം തടഞ്ഞതിനെ ജസ്റ്റിസ് ബി.വി. നാഗരത്ന വിമർശിക്കുകയും സ്വന്തം കൃഷിയിടത്തിൽ സംസ്കാരം നടത്താൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ നിയമപരമായ ചട്ടങ്ങൾ ഇത് അനുവദിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് എസ്.സി. ശർമയുടെ നിലപാട്. മൂന്ന്-നാല് ഗ്രാമങ്ങൾക്കായി കർകാപാലിൽ നിശ്ചയിച്ച പൊതുസ്മശാനത്തിൽ സംസ്കാരം നടത്തണമെന്നായിരുന്നു നിർദേശം. തുടർന്ന് കനത്ത സുരക്ഷയിലാണ് കർകാപാലിൽ സംസ്കാരം നടത്തിയത്.

ആദിവാസികളും ആദിവാസി ക്രിസ്ത്യാനികളും സമാധാനത്തോടെ കഴിയുന്ന ഗ്രാമങ്ങളിലെത്തി ചില വലതുപക്ഷ പ്രവർത്തകർ ഇവരെ പ്രകോപിപ്പിച്ച് ഇത്തരം തീരുമാനങ്ങൾ പാസാക്കിക്കുന്നുവെന്നും നുകേഷ് ആരോപിച്ചു. സംഭവങ്ങൾ രേഖപ്പെടുത്തിവരികയാണെന്നും വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും ഛത്തീസ്ഗഢ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റി കൺവീനർ അഭിഭാഷകൻ ഡിഗ്രി പ്രസാദ് ചൗഹാൻ പറഞ്ഞു.

അതേസമയം, പുന്പള്ളി ഗ്രാമസഭയുടെ തീരുമാനം യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്ന് സുക്മ ജില്ലാ പഞ്ചായത്ത് സി.ഇ.ഒ മുകുന്ദ് ഠാക്കൂർ പറഞ്ഞു. രേഖാമൂലം പരാതി ലഭിച്ചാൽ വിഷയത്തിന്റെ നിയമസാധുത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chhattisgarh Village Bars Christian Burials
Next Story