ഛത്തിസ്ഗഢിൽ തെരഞ്ഞെടുപ്പിനിടെ നക്സൽ ബോംബാക്രമണം; സി.ആർ.പി.എഫ് കമാൻഡോയ്ക്ക് പരിക്കേറ്റു
text_fieldsറായ്പൂർ: ഛത്തിസ്ഗഢിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷ കാവലിൽ നടക്കുന്ന തെരഞ്ഞെടുപ്പിനിടെ നടന്ന സ്ഫോടനത്തിൽ സി.ആർ.പി.എഫ് കമാൻഡോയ്ക്ക് പരിക്കേറ്റു.
സുക്മ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിലാണ് പരിക്കേറ്റത്. കോബ്ര 206-ഉം സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും തോണ്ടമാർകയിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം. പട്രോളിംഗിനിടെ നക്സലുകൾ സ്ഥാപിച്ച ഐ.ഇ.ഡിയിൽ ചവിട്ടിയതോടെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും വലയത്തിൽ, നക്സലൈറ്റ് ബാധിത ബസ്തർ ഡിവിഷനിലെ സീറ്റുകളിൽ കനത്ത കാവൽ ഏർപ്പെടുത്തി.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ മണ്ഡലങ്ങളിൽ 10 എണ്ണത്തിലും രാവിലെ ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും.
ബാക്കിയുള്ള 10 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ടു മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. ആകെയുള്ള 90 നിയമസഭാ സീറ്റുകളിൽ 20 എണ്ണത്തിൽ ആദ്യഘട്ടത്തിൽ 25 വനിതകൾ ഉൾപ്പെടെ 223 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് പ്രധാനമായും നക്സൽ സ്വാധീന മേഖലകളിൽ. സുക്മ, ദന്തേവാഡ, ബിജാപുർ, നാരായൺപുർ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളും നക്സൽ സ്വാധീന പ്രദേശങ്ങളാണ്. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺസിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവ്, നിയമമന്ത്രിയും ഏക മുസ്ലിം സ്ഥാനാർഥിയുമായ മുഹമ്മദ് അക്ബർ മത്സരിക്കുന്ന കവധ എന്നിവ ഉൾപ്പെടുന്നതാണ് ബാക്കി എട്ട് മണ്ഡലങ്ങൾ.
2018ൽ ഭരണത്തിലേറാൻ കോൺഗ്രസിന് ബസ്തർ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഭൂരിപക്ഷം ആദിവാസികളുള്ള മണ്ഡലത്തിൽ 12ൽ 11 സീറ്റും കോൺഗ്രസിന് നേടാനായി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റും തിരിച്ചുപിടിച്ച് കോൺഗ്രസ് ബസ്തർ തൂത്തുവാരി. ബസ്തറിന് പുറമെയുള്ള എട്ട് മണ്ഡലങ്ങളിൽ ഏഴും കോൺഗ്രസിന് തന്നെയാണ് ലഭിച്ചത്.
ഇക്കുറി ബസ്തറിലെ 12ൽ എട്ടു സീറ്റുകളിൽ കോൺഗ്രസിന് ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ദന്തേവാഡ, അനന്ത്ഗഡ്, നാരായൺപുർ, കാങ്കർ മണ്ഡലങ്ങളിലാണ് വിജയ സാധ്യതക്കുറവ് കൽപ്പിക്കുന്നത്. ദന്തേവാഡയിലും കാങ്കറിലും അനന്ത്ഗഡിലും വിജയപ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നത് പാർട്ടിക്കുള്ളിലെ ഉൾപ്പോരാണ്. ആദിവാസി മതപരിവർത്തനവുമായി ബന്ധപ്പെട്ട വർഗീയ പ്രചാരണം ബി.ജെ.പി മുതലെടുക്കുന്നതും മതപരിവർത്തിത ആദിവാസിയെ സി.പി.ഐ സ്ഥാനാർഥിയാക്കിയതുമാണ് നാരയൺപുരിലുണ്ടായ പ്രതിസന്ധി.
മന്ത്രി കവാസി ലക്മ മത്സരിക്കുന്ന സുകുമയിൽ കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും കോൺഗ്രിനാണ് മുൻതൂക്കം.
ബസ്തറിന് പുറത്തുള്ള എട്ടു സീറ്റുകളിൽ രമൺസിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവിൽ കടുത്ത മത്സരമാണെങ്കിലും ബി.ജെ.പിക്കാണ് മുൻതൂക്കം. മുഹമ്മദ് അക്ബർ മത്സരിക്കുന്ന 95 ശതമാനം ഹിന്ദു ജനസംഖ്യയുള്ള കവധയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരെത്തി വർഗീയത ആളിക്കത്തിച്ചിട്ടുണ്ട്. എങ്കിലും അക്ബറിന്റെ ജനകീയതയിൽ വിജയിച്ച് കയറാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

