റായ്പുർ/ഹൈദരാബാദ്: തെലങ്കാന-ഛത്തിസ്ഗഢ് അതിർത്തിക്കുസമീപം ബിജാപുർ ജില്ലയിൽ മാവോവാദി ക്യാമ്പിനു നേരെ വെള്ളിയാഴ്ച തെലങ്കാന-ആന്ധ്രപ്രദേശ് നക്സൽവിരുദ്ധ സേന നടത്തിയ മിന്നലാക്രമണത്തിൽ 12 മാവോവാദികൾ കൊല്ലപ്പെട്ടു. ഇതിൽ ആറുപേർ സ്ത്രീകളാണ്. മാവോവാദി വേട്ടയിൽ പരിശീലനം ലഭിച്ച ഗ്രേഹൗണ്ട് സംഘത്തിലെ കമാൻഡോ സുശീൽ കുമാറാണ് മരിച്ചത്. ഏറ്റുമുട്ടലിനിടെ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഛത്തിസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് ഗ്രേഹൗണ്ടുമായി ചേർന്ന് നടത്തിയ സൈനിക നടപടിയിൽ മുതിർന്ന മാവോവാദിനേതാക്കളായ ഹരിഭൂഷൻ എന്ന ജഗൻ, വടക്കൻ തെലങ്കാനയിലെ മാവോവാദി പ്രത്യേക മേഖല തലവനായ ദാമോദർ, ലക്ഷ്മണ എന്നിവർ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു ഹെലികോപ്ടറുകളിലായി മൃതദേഹങ്ങൾ ഭദ്രാചലം ആശുപത്രിയിലേക്കു മാറ്റി.
തെലങ്കാനയിലെ ജയശങ്കർ ഭൂപൽപള്ളി ജില്ലയിലെ വെങ്കട്ടപുരത്തു നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് സുരക്ഷഉദ്യോഗസ്ഥരെ ഭദ്രാചലത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്പുരിൽ നിന്ന് 500 കിലോമീറ്റർ അകലെ പുജാരി കങ്കർ വനത്തിനു സമീപം വെള്ളിയാഴ്ച പുലർച്ച 6.30ഒാടെയായിരുന്നു ഏറ്റുമുട്ടൽ. വെങ്കട്ടപുരം, ചെർല, പുജാരി കങ്കൺ വനമേഖല എന്നീ പ്രദേശങ്ങളിലായാണ് മാവോവാദികൾ തമ്പടിച്ചിരുന്നത്. എ.കെ.47 തോക്ക് ഉൾപ്പെടെ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും വയർലെസ് സെറ്റ്, മൂന്ന് ലാപ്ടോപ്പുകൾ, 41000 രൂപ തുടങ്ങിയവയും ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞമാസം ഝാർഖണ്ഡിൽ സുരക്ഷഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.