ഒഡീഷ -ഛത്തീസ്ഗഡ് അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികൾ കൊല്ലപ്പെട്ടു
text_fieldsറായ്പുർ: ഒഡീഷ -ഛത്തീസ്ഗഡ് അതിർത്തിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 14 മാവോവാദികൾ കൊല്ലപ്പെട്ടു. ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം ജയറാം എന്ന ചലപതിയും രണ്ട് വനിതകളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് ഗരിയാബന്ദ് എസ്.പി നിഖിൽ രഖേച പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നും പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മെയിൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വന മേഖലയിലാണ് സംഘർഷം. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സി.ആർ.പി.എഫ്, ഛത്തീസ്ഗഡിലെ കോബ്ര ഫോഴ്സ്, ഒഡീഷയിൽനിന്നുള്ള പ്രത്യക ദൗത്യ സംഘം എന്നിവ സംയുക്തമായാണ് മാവോവാദികളെ നേരിടുന്നത്.
ഛത്തീഡ്ഗഡിലെ കുലരിഘട്ട് റിസർവ് വനത്തിൽ മാവോവാദികളുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഞായറാഴ്ച പ്രത്യേക ദൗത്യം ആരംഭിച്ചത്. ഒഡീഷയിലെ നുവാപാദ ജില്ലാതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണിത്. മാവോവാദി സംഘത്തിലെ രണ്ട് വനിതകളെ തിങ്കളാഴ്ച പിടികൂടിയിരുന്നു. തോക്ക്, തിര, ഐ.ഇ.ഡി തുടങ്ങിയ ആയുധ ശേഖരം ഏറ്റുമുട്ടലിനിടെ പിടിച്ചെടുത്തിട്ടുണ്ട്.
ജനുവരി ആറിന് ബീജാപുരിലുണ്ടായ മാവോവാദി ആക്രമണത്തിൽ എട്ട് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ 2026ഓടെ രാജ്യത്തെ നക്സലിസം തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഏറ്റുമുട്ടൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

