വരൾച്ച ബാധിച്ച ഗ്രാമത്തിന് മാഞ്ചി നൽകിയ സമ്മാനം
text_fieldsറായ്പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ല വരൾച്ചക്ക് പേരുകേട്ടതാണ്. വേനലിൽ തങ്ങളുടെ കന്നുകാലികളുടെ ദാഹമകറ്റാൻ എന്തുചെയ്യണമെന്നറിയാതെ ഉടമസ്ഥർ നെട്ടോട്ടമോടുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്തെന്ന് ഗ്രാമവാസികൾക്കറിയില്ല, സർക്കാറിനും.
അപ്പോഴാണ് 15 വയസ്സായ പയ്യൻ തൂമ്പയുമായി കുളം കുഴിക്കാൻ ആരംഭിച്ചത്. ഗ്രാമവാസികൾ ആ ആദിവാസി ബാലനെ നോക്കി പരിഹസിച്ച് ചിരിച്ചു. ആരും സഹായിച്ചില്ലെങ്കിലും അവൻ തന്‍റെ ശ്രമം ഉപേക്ഷിച്ചില്ല. ദശ് രഥ് മാഞ്ചി എന്ന ആ കൗമാരക്കാരന് ഇന്ന് 42 വയസ്സായി. ഏകദേശം 27 വർഷങ്ങളായി അയാൾ കുഴിച്ച കുളത്തിന്‍റെ വലുപ്പം കേട്ടാൽ തന്നെ ആരും ഞെട്ടും. ഒരു ഏക്കർ വിസ്തൃതിയും 15 മീറ്റർ ആഴവുമുള്ള കുളമാണ് മാഞ്ചി നാട്ടുകാർക്ക് വേണ്ടി കുഴിച്ചത്.
ആരും സഹായിക്കാനെത്തിയില്ല. നല്ല വാക്കുപോലും പോലും പറഞ്ഞില്ല. എങ്കിലും നാട്ടുകാർക്കും ഇവിടുത്തെ കന്നുകാലികൾക്കും ഉപയോഗിക്കാൻ വേണ്ടിയാണ് ജീവന്‍റെ ഉറവിടമായ ജലസ്രോതസ് താൻ വെട്ടിയുണ്ടാക്കിയത് എന്ന് ഉറപ്പുണ്ട് മാഞ്ചിക്ക്.
ഇപ്പോൾ മാഞ്ചി നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. തങ്ങൾ എല്ലാവരും നന്ദിയോടെയാണ് മാഞ്ചിയെ ഓർക്കുന്നതെന്ന് ആദ്യം മുതൽ തന്നെ കുളത്തിന് വേണ്ടിയുള്ള കഠിനാധ്വാനം കണ്ടറിഞ്ഞ നാട്ടുകാർ പറയുന്നു.
ഛത്തീസ്ഗഡിലെ സജാ പഹാഡ് എന്ന ഈ ഗ്രാമത്തിൽ ഇപ്പോഴും വൈദ്യുതിയോ നല്ല റോഡുകളോ ഇല്ല. ആകെയുള്ള രണ്ടോ മൂന്നോ കിണറുകൾ മാത്രമാണ് വെള്ളത്തിനായി നാട്ടുകാർ ആശ്രയിക്കുന്നത്. സജാ പഹാഡ് എം.എൽ.എ ഇപ്പോൾ മാഞ്ചിക്ക് 10,000 രൂപ പാരിതോഷികം നൽകി. ജില്ലാ കലക്ടറും മാഞ്ചിയെ കാണാനും സഹായിക്കാനും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
