പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ; ഒരാൾക്ക് ജീവപര്യന്തം
text_fieldsറായ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം തടവും. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലെ അതിവേഗ വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 ജനുവരി 29 നാണ് കേസിനാസ്പദമായ സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കല്ലു കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി കാട്ടിലുപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനെയും ഒപ്പമുണ്ടായിരുന്ന നാലു വയസുള്ള കുട്ടിയേയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു.
പ്രതികളായ സാന്ത്രം മജ്വാര്‍ (49), അബ്ദുള്‍ ജബ്ബാര്‍ (34), അനില്‍ കുമാര്‍ സാര്‍ത്തി (24), പര്‍ദേശി റാം (39), ആനന്ദ് റാം പണിക (29) എന്നിവര്‍ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മമത ഭോജ്വാനി വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 302 (കൊലപാതകം), 376 (2) ജി (കൂട്ടബലാത്സംഗം), പോക്‌സോ, എസ് സി-എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.
അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഉമാശങ്കര്‍ യാദവിനെ (23) ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളതിനാലാണ് ഇയാളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. അതിക്രൂരവും മനുഷ്യത്വരഹിതവും നീചവുമായ പ്രവൃത്തിയാണ് പ്രതികളുടേതെന്നും കോടതി അഭിപ്രായപ്പെട്ടു.
പിതാവിനെയും സഹോദരിയേയും കാണാനില്ലെന്ന് കൊല്ലപ്പെട്ടയാളുടെ മകന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു.
മുഖ്യപ്രതിയായ സാന്ത്രം മജ്വാര്‍ മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ കന്നുകാലി മേയ്ക്കല്‍ ജോലി ചെയ്തിരുന്നു. പെണ്‍കുട്ടിയെ രണ്ടാം ഭാര്യയാക്കാന്‍ മജ്വാര്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും അതിന് വഴങ്ങിയില്ല. ഈ വൈരാഗ്യത്തിലാണ് പ്രതിയും കൂട്ടാളികളും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെയും നാലു വയസ്സുള്ള കുട്ടിയേയും കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

