ഛത്തീസ്‌ഗഢിലെ ബിജാപൂരിൽ സ്ഫോടനത്തിൽ ജവാന് പരിക്കേറ്റു
text_fieldsബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ വെള്ളിയാഴ്ച മാവോവാദികൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിൽ ജവാന് പരിക്കേറ്റു. സ്‌ഫോടനത്തിൽ ഒരു സി.ആർ.പി.എഫ് (സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്സ്) ഉദ്യോഗസ്ഥനാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം സി.ആർ.പി.എഫിന്റെ യൂനിറ്റായ കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) യുടെ ദൗത്യത്തിനിടയിലായിരുന്നു സ്ഫോടനം നടന്നത്. 202-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ അരുൺ കുമാർ യാദവിനാണ് പരിക്കേറ്റത്. ശ്രെദ്ധയില്ലാതെ ഐ.ഇ.ഡിക്ക് മുകളിൽ ചവിട്ടിയതാണ് സ്ഫോടനത്തിന് കാരണമായത്.
പരിക്കേറ്റ ഉദ്യോഗസ്ഥൻ അപകടനില തരണം ചെയ്‌തെന്നും, പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ പരിശോധനക്കായി വിമാനമാർഗ്ഗം റായ്‌പൂരിൽ എത്തിച്ചതായി മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ബസ്തർ മേഖലയിലെ വനപാതകളിൽ മാവോയിസ്റ്റുകൾ ഇടക്കിടെ ഐ.ഇ.ഡികൾ സ്ഥാപിക്കാറുണ്ട്. ദന്തേവാഡയും സുക്മയും ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ബസ്തർ ഡിവിഷൻ.
ഫെബ്രുവരി 11 ന് സുക്മയിൽ ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റിരുന്നു. കൂടാതെ ഫെബ്രുവരി 4 ന് ബിജാപുരിൽ സമാനമായ സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ജനുവരി 10 ന് നാരായൺപൂർ ജില്ലയിലെ ഓർച്ച മേഖലയിൽ രണ്ട് വ്യത്യസ്ത ഐ.ഇ.ഡി സ്ഫോടനങ്ങളിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സർക്കാർ കണക്കനുസരിച്ച്, ഛത്തീസ്ഗഢിൽ 2010ൽ 499 നക്സൽ അക്രമണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2024ൽ അത് 267 ആയി കുറഞ്ഞിട്ടുണ്ട്. ഇത് താരതമ്യേന മരണനിരക്കിലും 64 ശതമാനത്തിന്റെ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

