മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി
text_fieldsറായ്പൂർ: കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നിർഭാഗ്യകരമാണെന്നാണ് പ്രതികരണം. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.
'സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. അന്വേഷണം ഇപ്പോഴും തുടരുകയാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്. നിയമം അതിന്റേതായ വഴിക്ക് പോകും. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബസ്തറിലെ നമ്മുടെ പെൺമക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണ്' -അദ്ദേഹം പറഞ്ഞു.
സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ഇവരെ തടഞ്ഞു വെച്ചത്. ബജ്‌റംഗ്ദൾ പ്രവർത്തകൻ നൽകിയ പരാതിയെത്തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് കന്യാസ്ത്രീകളായ പ്രീതി മെറി, വന്ദന ഫ്രാൻസിസ് എന്നിവരെയും സുകമാൻ മാണ്ഡവി എന്ന വ്യക്തിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളത്. അറസ്റ്റിനു പിന്നാലെ കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഒഴിഞ്ഞുമാറി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ സിസ്ററർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് ബന്ധുക്കൾക്ക് പിന്തുണ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

