ഛത്തീസ്ഗഢിൽ കരുത്തുകാട്ടി കോൺഗ്രസ്; ജോഗിയുടെ കുത്തകസീറ്റ് പിടിച്ചത് 38000വോട്ട് ലീഡോടെ
text_fieldsറായ്പൂർ: കോൺഗ്രസിന് ഛത്തീസ്ഗഢിൽ നിന്നും ശുഭവാർത്ത. മുൻമുഖ്യമന്ത്രി അജിത് ജോഗിയുടെ കുടുംബം 2001 മുതൽ കൈവശം വെച്ചുപോരുന്ന മർവാഹി സീറ്റ് 38,000ത്തിലധികം വോട്ടിൻെറ ഭൂരിപക്ഷത്തോടെ കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
എസ്.ടി സംവരണ സീറ്റായ മർവാഹിയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത് കെ.കെ ധ്രുവ് ആയിരുന്നു. ജനതാ കോൺഗ്രസ് നേതാവ് അജിത് ജോഗി അന്തരിച്ചതിനെത്തുടർന്നാണ് മർവാഹിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അജിത് ജോഗിയുടെ മകൻ അമിത് ജോഗിയും ഭാര്യ റിച്ച ജോഗിയും നോമിനേഷൻ നൽകിയിരുന്നെങ്കിലും ജാതി സർട്ടിഫിക്കറ്റ് ഇല്ലാത്ത കാരണത്താൽ പത്രിക തള്ളിയിരുന്നു. തുടർന്ന് ജനത കോൺഗ്രസ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് തേരോട്ടം തടുക്കാനായില്ല.
കോൺഗ്രസ് സ്ഥാനാർഥി കെ.കെ ധ്രുവ് 83,561 വോട്ട് നേടിയപ്പോൾ ബി.ജെ.പിയുടെ ഗംഭീർ സിങ്ങിന് 45,364 വോട്ട് നേടാനേ ആയുള്ളൂ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിരുന്നത്. 18 വർഷത്തെ കബളിപ്പിക്കലിന് മർവാഹിയിലെ ജനങ്ങൾ പ്രതികരിച്ചുവെന്ന് ബാഗൽ ട്വിറ്ററിൽ കുറിച്ചു. 90 അംഗ നിയമസഭയിൽ 70 സീറ്റുകളും നിലവിൽ കോൺഗ്രസിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

