‘രാഹുലും പ്രിയങ്കയും മനുഷ്യക്കടത്തുകാരുടെ കാലിൽ വീണുകിടക്കുന്നു’; വിദ്വേഷ കാർട്ടൂണുമായി ഛത്തിസ്ഗഢ് ബി.ജെ.പി
text_fieldsഛത്തിസ്ഗഢ് ബി.ജെ.പി പുറത്തുവിട്ട വിദ്വേഷ കാർട്ടൂൺ
ന്യൂഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ജയിലിൽ അടക്കപ്പെട്ട മലയാളി കന്യാസ്ത്രീകളെയും സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ കോൺഗ്രസ് നേതാകളെയും അധിക്ഷേപിക്കുന്ന കാർട്ടൂണുമായി ഛത്തിസ്ഗഢ് ബി.ജെ.പി. മനുഷ്യക്കടത്ത് നടത്തുന്നവരെയും മതപരിവർത്തനം നടത്തുന്നവരെയും പിന്തുണക്കുന്നവരാണ് കോൺഗ്രസ് എന്ന് ബി.ജെ.പി സംസ്ഥാന ഘടകം എക്സ് പേജിലൂടെ പരിഹസിച്ചു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഭൂപേഷ് ബാഗലും കന്യാസ്ത്രീകളുടെ കാലിൽ വീണുകിടക്കുന്നതും പെൺകുട്ടിയുടെ കഴുത്തിൽ കെട്ടിയ കയറിൽ കന്യാസ്ത്രീകൾ പിടിക്കുന്ന തരത്തിലുള്ള കാർട്ടൂണും ആണ് ഛത്തിസ്ഗഢ് ബി.ജെ.പി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കാർട്ടൂൺ വിവാദമായതോടെ എക്സ് പേജിൽ നിന്ന് ബി.ജെ.പി നേതൃത്വം പിന്നീട് പിൻവലിച്ചു.
അതേസമയം, ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ഇന്ന് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻ.ഐ.എ കോടതിയിലും കീഴ്കോടതികളിലും നടന്ന വാദത്തിനിടെ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീകൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

