Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചർച്ച് തകർത്തതിനെ...

ചർച്ച് തകർത്തതിനെ ന്യായീകരിച്ച് ബി.ജെ.പി: ‘ക്രിസ്ത്യൻ മിഷനറി ഗുണ്ടകൾ നടത്തിയ ആക്രമണത്തിന് മറുപടിയാണ് നടന്നത്’

text_fields
bookmark_border
ചർച്ച് തകർത്തതിനെ ന്യായീകരിച്ച് ബി.ജെ.പി: ‘ക്രിസ്ത്യൻ മിഷനറി ഗുണ്ടകൾ നടത്തിയ ആക്രമണത്തിന് മറുപടിയാണ് നടന്നത്’
cancel

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ നാരായൺപൂരിൽ ക്രിസ്ത്യൻ ചർച്ച് തകർക്കുകയും എസ്.പിയുടെ തലതല്ലിപ്പൊളിക്കുകയും ചെയ്ത സംഭവത്തെ ന്യായീകരിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻമുഖ്യമന്ത്രിയുമായ രമൺ സിങ്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള മിഷനറി ഗുണ്ടകൾ പ്രാദേശിക ഗോത്രവർഗക്കാർക്ക് നേരെ നടത്തിയ ആക്രമണത്തിന് മറുപടിയാണ് തിങ്കളാഴ്ചത്തെ പ്രതികരണമെന്ന് രമൺ സിങ് ആരോപിച്ചു. വിഷയത്തിൽ ചൊവ്വാഴ്ച ഛത്തീസ്ഗഢ് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ബി.​ജെ.പി, നിയമസഭാ സമ്മേളനം അലങ്കോലമാക്കിയിരുന്നു. തുടർന്ന് നിയമസഭ സമുച്ചയത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമൺസിങ്.

മതപരിവർത്തനം തടയണമെന്നാവശ്യ​പ്പെട്ടാണ് ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ബഹളം ​വെച്ചത്. മുതിർന്ന ബി.ജെ.പി എം.എൽ.എ ബ്രിജ്മോഹൻ അഗർവാൾ അടക്കമുള്ള എം.എൽ.എമാരാണ് വിഷയം ഉന്നയിച്ചത്. സംസ്ഥാനത്ത് നടന്നതായി ആരോപിക്കപ്പെടുന്ന മതപരിവർത്തനത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇവർ അടിയന്തര പ്രമേയ നോട്ടീസ് നൽകി. എന്നാൽ, കോൺഗ്രസ് എംഎൽഎമാർ ഇതിനെ എതിർത്തതോടെ സഭ ബഹളത്തിൽ മുങ്ങുയായിരുന്നു. 12 ബി.​ജെ.പി എം.എൽ.എമാരെ തൽക്കാലം സസ്‌പെൻഡ് ചെയ്തു.

"മതം മാറാൻ ആഗ്രഹിക്കാത്ത പ്രാദേശിക ഗോത്രവർഗക്കാർക്കെതിരെ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളിൽ പൊലീസും ഭരണകൂടവും സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നു” രമൺ സിങ് ആരോപിച്ചു. നാരായൺപൂരിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നു​വെന്നാരോപിച്ച് ഇന്നലെ രാവിലെയാണ് നാരായൺപൂരിലെ ചർച്ചിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. ജില്ല ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിയിലെ കസേരകളും ഫർണിച്ചറും ആരാധനാവസ്തുക്കളും ഗ്രന്ഥങ്ങളും അക്രമികൾ നശിപ്പിച്ചു. അക്രമികളെ തടയുന്നതിനിടെ നാരായൺപൂർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിനെ അക്രമിസംഘം മർദിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, ബി.ജെ.പി നേതാക്ക​ളുടെ ആരോപണങ്ങളെ കോൺഗ്രസ് തള്ളിക്കളഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി രവീന്ദ്ര ചൗബെ പറഞ്ഞു. പ്രതിപക്ഷം ആരോപിക്കുന്നത് പോലെ സംസ്ഥാനത്ത് മതപരിവർത്തനം നടക്കുന്നില്ലെന്നും നാരായൺപൂർ സംഭവം ക്രമസമാധാന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. നാരായൺപൂർ സംഭവത്തെക്കുറിച്ച് സഭയിൽ വിശദീകരണം നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറായിരുന്നു. എന്നാൽ, ബഹളം സൃഷ്ടിക്കാൻ മാത്രമാണ് ബി.ജെ.പി വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഭരണത്തിന് കീഴിൽ ആദിവാസി പ്രദേശങ്ങളിൽ മതപരിവർത്തനം വർധിച്ചതായി ബിജെപി ആരോപിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട പരാതികൾക്കെതിരെ പൊലീസ് കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ നാരായൺപൂരിൽ തിങ്കളാഴ്ച നടന്ന അക്രമസംഭവം ഒഴിവാക്കാമായിരുന്നുവെന്നും ഇവർ പറഞ്ഞു.

2022ൽ ഛത്തീസ്‌ഗഢിൽ 115 ആക്രമണങ്ങളാണ് ക്രിസ്തുമത വിശ്വാസികൾക്ക് നേരെ നടന്നത്. 2018ൽ 25 ആക്രമണങ്ങളായിരുന്നു സംസഥാനത്ത് നടന്നത്. ഗോത്ര മേഖലകളിൽ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവർക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 1000 ആദിവാസി ക്രിസ്ത്യാനികൾ വീടുവിട്ടോടി ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയേണ്ടി വന്നിട്ടും അതിക്രമങ്ങളിൽ ഒന്നിൽ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ ഛത്തിസ്ഗഢ് ഭരണകൂടം തയാറാകുന്നില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വസ്തുതാന്വേഷണ സംഘവുമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious conversionsattack on churchBJPAttack Against Christians
News Summary - Chhattisgarh: BJP blames religious conversions for attack on Church
Next Story