രാമക്ഷേത്ര നിര്‍മാണത്തിന് ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകൾ
text_fieldsന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി നടത്തിയ ധനസമാഹരണത്തില്‍ ലഭിച്ചത് 22 കോടി രൂപയുടെ വണ്ടിച്ചെക്കുകൾ. ധനസമാഹരണത്തിന് നേതൃത്വം നൽകുന്ന വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള വിവിധ സംഘടനകൾക്ക് ക്ഷേത്ര നിമാണത്തിനായി ലഭിച്ചത് 15,000ത്തിലേറെ വണ്ടിച്ചെക്കുകളാണ്.
രാമക്ഷേത്ര നിര്‍മാണത്തിനായി സർക്കാർ രൂപവത്കരിച്ച 'ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്' നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം വ്യക്തമായത്. അക്കൗണ്ടില്‍ പണമില്ലാത്തത് മാത്രമല്ല, ഒപ്പുകളിലെ പൊരുത്തമില്ലായ്മയും ഓവർ റൈറ്റിങും അടക്കമുള്ള സാങ്കേതി പിഴവുകളും ചെക്കുകള്‍ മടങ്ങാൻ കാരണമായിട്ടുണ്ടെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ബാങ്ക് അധികൃതരുമായി ചേര്‍ന്ന് ചെക്കുകളിലെ പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരികയാണെന്ന് ട്രസ്റ്റ് അംഗം ഡോ. അനില്‍ മിശ്ര പറഞ്ഞു. ചെക്കിലെ പിഴവുകള്‍ തിരുത്തുന്നതിന് വ്യക്തികള്‍ക്ക് ബാങ്കുകള്‍ അവസരം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മടങ്ങിയ ചെക്കുകളില്‍ 2,000 എണ്ണം അയോധ്യയില്‍നിന്നുതന്നെ ലഭിച്ചവയാണെന്ന് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ബാക്കിയുള്ളവ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍നിന്ന് ലഭിച്ചവയാണ്. 'മടങ്ങിയ ചെക്കുകള്‍ അത് തന്നവര്‍ക്ക് തന്നെ തിരികെ നൽകാനാണ് തീരുമാനം. പിഴവുകള്‍ തിരുത്തി പുതിയ ചെക്ക് നൽകാൻ അവരോട് അഭ്യര്‍ഥിക്കും' -അദ്ദേഹം പറഞ്ഞു.
വി.എച്ച്.പി അടക്കമുള്ള സംഘടനകൾ ജനുവരി 15 മുതല്‍ ഫെബ്രുവരി 17 വരെയാണ് ക്ഷേത്രനിര്‍മാണത്തിന് വേണ്ടി രാജ്യവ്യാപകമായി ധനസമാഹരണം നടത്തിയത്. ഇതുവരെ 2,500 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര തുക സമാഹരിച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി ട്രസ്റ്റ് പുറത്തുവിട്ടിട്ടില്ല. 2024ൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കുമെന്നാണ് വി.എച്ച്.പി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

