ശബരിമല വിഷയത്തില്‍ മോദി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി കള്ളക്കണ്ണീരൊഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം മാനിക്കാന്‍ കേരള സര്‍ക്കാറിനെപ്പോലെ തന്നെ കേന്ദ്ര സര്‍ക്കാറും തയാറായില്ല.
വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവടുമാറ്റി. നിയമം കൊണ്ടുവരാന്‍ തയാറായിെല്ലന്ന് മാത്രമല്ല, പാര്‍ലമെൻറില്‍ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട്് സ്വകാര്യബില്‍ അവതരിപ്പിക്കാന്‍ എന്‍.കെ. പ്രേമചന്ദ്രനെ അനുവദിച്ചതുമില്ല. എന്നിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
സ്വർണക്കടത്ത് കേസില്‍ സി.പി.എമ്മിനെയും പിണറായിയെയും സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറുമാണ്. ആ ഡീല്‍ മറച്ചുപിടിക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തി മൈതാന പ്രസംഗം നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

