മോദിയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി ചെന്നിത്തല
text_fieldsന്യൂഡൽഹി: മോദിയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി ചെന്നിത്തല. സ്വന്തം വസതിയുള്ള ഡൽഹിയിൽ ഒരു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ 50 ദിവസം വേണ്ടിവന്ന പ്രധാനമന്ത്രിയാണ്, തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും അഞ്ച് ദിവസം മാത്രം പിന്നിടുമ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളെ പരിഹസിച്ച നരേന്ദ്ര മോദിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഒരു ഏകാധിപത്യ പാർട്ടിയല്ലെന്നും നാഗ്പൂരിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രസ്ഥാനം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ വരട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം. എന്നാൽ കോൺഗ്രസിൽ എല്ലാ തീരുമാനങ്ങളും ജനാധിപത്യപരമായ ചർച്ചകളിലൂടെയാണ് കൈക്കൊള്ളുന്നത് ചെന്നിത്തല പറഞ്ഞു. മോദിയും അമിത് ഷായും മാത്രം തീരുമാനമെടുക്കുന്ന രീതി ഇവിടെയില്ല. എല്ലാവരെയും കേട്ട് തീരുമാനമെടുക്കണമെന്ന് രാഹുൽ ഗാന്ധിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഈ നടപടിക്രമങ്ങൾ പാലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ ഹൈക്കമാൻഡുമായി ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. നിരീക്ഷകർ എം.എൽ.എമാരുടെ അഭിപ്രായം തേടിയിട്ടുണ്ട്. എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും അഞ്ച് ദിവസത്തെ സമയം എന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ഏഴുദിനം: മുഖ്യമന്ത്രിക്കായി കാതോർത്ത് രാഷ്ട്രീയ കേരളം
മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പിന്റെ ഏഴു ദിനങ്ങളാണ് കടന്നുപോയത്. നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച ചെയ്യുന്ന ഒരെയോരു വിഷയം മുഖ്യമന്ത്രി ആര് എന്നത്. ഉത്തരത്തിന് ഇനിയും രണ്ടുനാൾകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഡൽഹിയിൽനിന്നുള്ള സൂചന. ഫ്ലക്‌സ് പോരിലും നേതാക്കളുടെ പരസ്യ പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചിരുന്നു.
ഡൽഹിയിൽ നടന്ന ചര്‍ച്ചക്ക് ശേഷം വി.ഡി. സതീശന്‍ കൊച്ചിയില്‍ തിരിച്ചെത്തി. രമേശ് ചെന്നിത്തല ഇന്ന് മടങ്ങും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുമായിയും ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക.
മുഖ്യമന്ത്രി സീറ്റിനുള്ള പിടിവാശിയിൽനിന്ന് നേതാക്കള്‍ പിന്മാറിയിട്ടില്ലെന്നാണ് സൂചന. ഇന്നലെ മൂന്ന് മണിക്കൂറാണ് ചർച്ച നടത്തിയത്. എന്നിട്ടും തീരുമാനമായില്ല. അതേസമയം, പരസ്യപോരാട്ടങ്ങൾ വേണ്ടന്ന നിലപാടിലാണ് മൂവരും. യു.ഡി.എഫിന് ഉജ്ജ്വല വിജയമാണ് കേരളത്തില്‍ ഉണ്ടായതെന്നും ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ നടത്തരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം. പ്രകടനങ്ങള്‍ നടത്തരുതെന്നും ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും വേണ്ടിയാണ് ഞാന്‍ പറയുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ജനങ്ങളാണ് പരമപ്രധാനമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. നേതാക്കന്മാരെ സ്നേഹിക്കുന്നതിലും താല്‍പര്യം പ്രകടിപ്പിക്കുന്നതിലും തെറ്റില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വെച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റണം. പ്രകടനങ്ങള്‍ ഒഴിവാക്കണം. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തോട് ഉറച്ചുനില്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ നിര്‍ദേശിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകള്‍ അണികള്‍ നീക്കിത്തുടങ്ങി.
അതേസമയം, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആരെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. ഇന്ന് ഡൽഹിയിൽ കൂടിയ പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനമുണ്ടാക്കുമെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. കേരളത്തിനൊപ്പം ഫലം പ്രഖ്യാപിച്ച തമിഴ്നാട്, ബംഗാൾ, സംസ്ഥാനങ്ങളിൽ ഇതിനകം സത്യപ്രതിജ്ഞയടക്കം കഴിഞ്ഞ് സർക്കാറുകൾ അധികാരമേറ്റു. അസമിൽ 12നാണ് സത്യപ്രതിജ്ഞ. പുതുച്ചേരിയിൽ 13നാണ് സത്യപ്രതിജ്ഞ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

