മൃതദേഹത്തിൽ 13 മുറിവുകൾ; ദലിത് യുവാവിന്റെ കസ്റ്റഡി മരണത്തിൽ ആറ് പൊലീസുകാർ അറസ്റ്റിൽ
text_fieldsവിഗ്നേഷ്
ചെന്നൈ: ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയതിന് പിന്നാലെ ആറുപേർ അറസ്റ്റിൽ. 25കാരനായ വിഗ്നേഷ് മരിച്ച സംഭവത്തിലാണ് ചെന്നൈ ജി-5 സെക്രട്ടേറിയറ്റ് കോളനി പൊലീസ് സ്റ്റേഷനിലെ കുമാർ, പവൻരാജ്, മുനാഫ്, ദീപക് എന്നിവരും സായുധ സേനയിലെ രണ്ട് പേരുമാണ് പ്രതികൾ. ഏറെ ഒച്ചപ്പാടിനിടയാക്കിയ കേസിൽ 27 ദിവസത്തിനുശേഷമാണ് അറസ്റ്റ്. മൂന്ന് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചെന്നൈ മറിന ബീച്ചിൽ ഉപജീവനം നടത്തിയിരുന്ന ദലിത് യുവാവായ വിഗ്നേഷിനെയും സുഹൃത്ത് സുരേഷിനെയും ഏപ്രിൽ 18നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും പക്കൽനിന്ന് കഞ്ചാവും മദ്യവും കണ്ടെത്തിയെന്നും പൊലീസ് അവകാശപ്പെട്ടിരുന്നു. പിറ്റേ ദിവസം വിഗ്നേഷ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയായിരുന്നു.
പൊലീസിന്റെ മർദനമേറ്റാണ് വിഗ്നേഷ് കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തി. വിഗ്നേഷിന്റെ മൃതദേഹത്തില്‍ വലതുകാലിലെ ഒടിവടക്കം13 മുറിവുകളാണുണ്ടായിരുന്നതെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം സമരം ആരംഭിച്ചു.
സംയാസ്പദമായ മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊലക്കേസായി രജിസ്റ്റര്‍ ചെയ്തു. തുടർന്ന് സി.ബി-സി.ഐ.ഡി അന്വേഷണം ഏറ്റെടുക്കുകയും സബ് ഇൻസ്‍പെക്ടർമാരായ പുഗഴം പെരുമാൾ, ഗണപതി, ആംഡ് റിസർവ് പൊലീസ് കോൺസ്റ്റബിൾ കാർത്തിക്, ഹെഡ് കോൺസ്റ്റബിൾ കുമാർ, കോൺസ്റ്റബിൾ പൊൻരാജ്, റൈറ്റർ മനാഫ്, കോൺസ്റ്റബിൾ ആനന്ദി, ഹോംഗാർഡ് ദീപക് എന്നിവരെ ചോദ്യം ചെയ്യുകയും ചെയ്തു.
ചെന്നൈയിലെ കസ്റ്റഡി മരണങ്ങൾ നിയമസഭയിലും സജീവ ചര്‍ച്ചയായി. പൊലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാവുമെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉറപ്പ് നൽകുകയും ചെയ്തു. ശക്തമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവരെ വെറുതെ വിടില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 28ന് അനധികൃത മദ്യക്കച്ചവടത്തിന് തിരുവണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്ത 43കാരനായ തങ്കമണി കസ്റ്റഡിയിൽ മരിച്ചിരുന്നു. കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് കൈക്കൂലിയുമായി തങ്ങളെ സമീപിച്ചെന്നും അത് വാങ്ങാൻ തയാറായില്ലെന്നും തങ്കമണിയുടെ ബന്ധുക്കൾ പറയുന്നു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവരും സമരരംഗത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

