ജലവൈദ്യുതി പദ്ധതി: പാക് സംഘത്തിെൻറ പരിശോധന ഇന്ത്യ മാറ്റി
text_fieldsഇസ്ലാമാബാദ്: ജമ്മു-കശ്മീരിലെ ചിനാബ് നദിയിലുള്ള രണ്ടു ജലവൈദ്യുതി പദ്ധതികളിൽ പാകിസ്താൻ വിദഗ്ധർ നടത്താനിരുന്ന പരിശോധന ഇന്ത്യ മാറ്റിവെച്ചു. ഉഭയകക്ഷി ബന്ധം വഷളായതും ന്യൂയോർക്കിൽ നടക്കേണ്ട വിദേശകാര്യ മന്ത്രിതല യോഗം റദ്ദായതുമാണ് പരിശോധനക്ക് അനുമതി നിേഷധിക്കാൻ കാരണമായതെന്ന് ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. 1000 മെഗാവാട്ട് വൈദ്യുതോൽപാദന ശേഷിയുള്ള പാകൽ ദുൽ, 48 മെഗാവാട്ട് ശേഷിയുള്ള ലോവർ കൽനായ് അണക്കെട്ടുകളാണ് ഇന്ത്യ ചിനാബ് നദിയിൽ നിർമിക്കുന്നത്.
സിന്ധു നദീജല കരാർ സംബന്ധിച്ച് കഴിഞ്ഞ മാസം ലാഹോറിൽ നടന്ന ഉഭയകക്ഷി ചർച്ചക്കിടെ രണ്ടു ജലവൈദ്യുതി പദ്ധതികളോടും പാകിസ്താൻ എതിർപ്പറിയിച്ചപ്പോഴാണ് ഇന്ത്യ, പാക് പ്രതിനിധികളെ പദ്ധതി പ്രദേശത്തേക്ക് ക്ഷണിച്ചത്. ഇൗ ക്ഷണമാണ് ഇപ്പോൾ റദ്ദാക്കിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും തമ്മിൽ ന്യൂയോർക്കിൽ നടക്കാനിരുന്ന കൂടിക്കാഴ്ചയും ഇന്ത്യ അടുത്തിടെ റദ്ദാക്കിയിരുന്നു.
ജമ്മു-കശ്മീരിൽ മൂന്നു പൊലീസുകാരെ കൊലപ്പെടുത്തിയതും കൊല്ലപ്പെട്ട കശ്മീർ തീവ്രവാദി ബുർഹാൻ വാനിയുടെ സ്റ്റാംപ് പാകിസ്താൻ പുറത്തിറക്കിയതുമാണ് മന്ത്രിതല ചർച്ച റദ്ദാക്കാൻ കാരണമായത്.
