ഒടുവിൽ ‘ഗംഭീര’ പാലത്തിലെ ദുരന്ത സാക്ഷ്യം നീക്കം ചെയ്തു
text_fieldsഅഹമ്മദാബാദ്: 22 പേരുടെ മരണത്തിനിടയാക്കിയ ഗുജറാത്ത് വഡോദരയിലെ ഗംഭീര പാലത്തിൽ ദുരന്തത്തിന്റെ അടയാളമായി കഴിഞ്ഞ 27 ദിവസമായി തൂങ്ങി നിന്ന കൂറ്റൻ ടാങ്കർ ലോറി ഒടുവിൽ നീക്കം ചെയ്തു. അത്യാധുനിക സാങ്കേതിക വിദ്യകളും ഉപകരണങ്ങളുമായി ദിവസങ്ങൾ നീണ്ടു നിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് കെമിക്കൽ ടാങ്കർ വിജയകരമായി മറ്റിയത്.
തകർന്ന പാലത്തിൽ നിന്നും തെന്നി നിന്ന സ്ലാബിൽ കുടുങ്ങിയ നിലയിലായിരുന്നു ടാങ്കർ ലോറി നിലനിന്നത്. നദിയിൽ പതിക്കാതെ സാഹസികമായി നീക്കം ചെയ്യുകയെന്നത് രക്ഷാ പ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി തുടർന്നു. ഒടുവിലാണ് പോർബന്തറിലെ വിശ്വകർമ കമ്പനിയുടെ നേതൃത്വത്തിൽ എയർ ലിഫ്റ്റിങ് റോളർ ബാഗുകളും, കൂറ്റൻ ക്രെയിനും ഇരുമ്പ് വടങ്ങളും ഉപയോഗിച്ച് തകർന്ന പാലത്തിൽ നിന്നും ടാങ്കർ നീക്കം ചെയ്തത്.
പാലത്തിന്റെ ശേഷിക്കുന്ന സ്ലാബിൽ നിന്നും പൊട്ടി താഴ്ന്നു നിന്ന ഭാഗത്തായാണ് ലോറി കുടിങ്ങിയത്. ഇവിടെ ലോറിക്കടിയിലേക്ക് എയർ ലിഫ്റ്റിങ് റോളർ വെച്ച്, പതിയെ കാറ്റുനിറച്ചുകൊണ്ടായിരുന്നു ലോറിയെ പ്രധാന പാലത്തിന് സമാനനിലയിലെത്തിച്ചത്. 900 മീറ്റർനീളത്തിൽ കേബിളുക ബന്ധിപ്പിച്ച് ക്രെയിൻ വഴി പാലത്തിലേക്ക് നീക്കി സുരക്ഷിതമാക്കുകയായിരുന്നു.
ദിവസങ്ങളായുള്ള തയ്യാറെടുപ്പിനൊടുവിലായിരുന്നു രക്ഷാ പ്രവർത്തനം. എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ ഉൾപ്പെടെ 70ഓളം പേർ പങ്കെടുത്തു. അപകടത്തിലായ പാലത്തിൽ ഭാരം നൽകാതെയായിരുന്നു ടാങ്കർ നീക്കാനുള്ള ശ്രമം നടത്തിയത്.
തകർന്നത് 40 വർഷം പഴക്കമുള്ള പാലം
മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ‘ഗംഭീര’ പാലം ജുലായ് ഒമ്പതിനാണ് തകർന്നത്. വാഹനങ്ങൾ കടന്നുപോകവെ ആയിരുന്നു മഹിസാഗർ നദിക്ക് കുറുകെയുള്ള പാലത്തിന്റെ മധ്യഭാഗം തകർന്ന് നദിയിൽ പതിച്ചത്. രണ്ട് തൂണുകൾക്കിടയിലെ സ്ലാബുകൾ പൂർണമായും തകർന്ന്, രണ്ട് ട്രക്ക്, ജീപ്പ്, വാൻ ഉൾപ്പെടെ വാഹനങ്ങൾ നദിയിൽ പതിച്ചിരുന്നു.
1985 ൽ നിർമിച്ച പാലം ആവശ്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെന്നുൾപ്പെടെ ആരോപണങ്ങളുയർന്നിരുന്നു. 40 വർഷത്തിലേറെയായി, വഡോദര, ആനന്ദ്, ബറൂച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴി കൂടിയായിരുന്നു ‘ഗംഭീര പാലം.
അപകടത്തിനു പിന്നാലെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് തുടക്കം കുറിച്ചു. റോഡ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

