Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാരക കാൻസറിന്...

മാരക കാൻസറിന് കാരണമാകുമെന്ന്; യൂറോപ്പ് തള്ളിയ രാസവസ്തു കമ്പനി ഇന്ത്യയിൽ, കേന്ദ്രത്തോട് വിശദീകരണം തേടി പാർലമെന്റ്

text_fields
bookmark_border
മാരക കാൻസറിന് കാരണമാകുമെന്ന്; യൂറോപ്പ് തള്ളിയ രാസവസ്തു കമ്പനി ഇന്ത്യയിൽ, കേന്ദ്രത്തോട് വിശദീകരണം തേടി പാർലമെന്റ്
cancel

ന്യൂഡൽഹി: ഇറ്റലിയിൽ ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ മാരക വിഷാംശമുള്ള രാസവസ്തു കമ്പനി ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിച്ച വാർത്ത പുറത്തുവന്നതോടെ രാജ്യമൊട്ടാകെ വൻ പ്രതിഷേധം. കാൻസറിന് കാരണമാകുന്ന 'പി.എഫ്.എ.എസ്' എന്നറിയപ്പെടുന്ന അപകടകരമായ രാസവസ്തു ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 'ഫോറെവർ കെമിക്കൽസ്' എന്ന് വിളിക്കപ്പെടുന്ന ഇവ പരിസ്ഥിതിക്കും മനുഷ്യജീവനും കടുത്ത ഭീഷണിയാണ്. അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാർഡിയൻ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ സംഭവം പാർലമെന്റിലും കടുത്ത രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.

ഇറ്റലിയിലെ വിസെൻസയിൽ പ്രവർത്തിച്ചിരുന്ന 'മിറ്റേനി' എന്ന കമ്പനിയാണ് വൻ പരിസ്ഥിതി മലിനീകരണ വിവാദത്തെ തുടർന്ന് 2018ൽ അടച്ചുപൂട്ടിയത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ ജലസ്രോതസ്സുകളിൽ ഒന്നിൽ ഈ ഫാക്ടറി കാരണം മാരകമായ വിഷാംശം കലരുകയും 3,50,000ത്തിലധികം ആളുകളുടെ കുടിവെള്ളം മുടങ്ങുകയും ചെയ്തിരുന്നു. ഈ കമ്പനിയിലെ തൊഴിലാളികളുടെ രക്തത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള പി.എഫ്.എ.എസ് രാസവസ്തു കണ്ടെത്തിയിരുന്നു. 2025 ജൂണിൽ ഈ കമ്പനിയുടെ മുൻ മേധാവികളെ ഇറ്റലിയിലെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഇറ്റലിയിൽ പൂട്ടിയ ഈ ഫാക്ടറിയുടെ യന്ത്രസാമഗ്രികളെല്ലാം ഡിസ്മാന്റിൽ ചെയ്ത് മുംബൈയ്ക്ക് തെക്കുള്ള 'ലോട്ട് പരശുറാം' എന്ന സ്ഥലത്ത് എത്തിച്ച് പുനഃസ്ഥാപിക്കുകയായിരുന്നു. ഇന്ത്യൻ കമ്പനിയായ 'ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസ്' ആണ് ഈ പ്ലാന്റ് വാങ്ങിയത്. 2025 തുടക്കം മുതൽ ഈ പ്ലാന്റ് ഇന്ത്യയിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. കീടനാശിനികൾ, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്ക് ആവശ്യമായ രാസവസ്തുക്കളാണ് ഇവിടെ നിർമിക്കുന്നത്.

വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കമ്പനിക്കെതിരെ നടക്കുന്നത്. രാജ്യത്ത് ഇത്തരം രാസവസ്തുക്കൾക്കെതിരെ പ്രത്യേക നിയമങ്ങളില്ലാത്തതാണ് കമ്പനി മുതലെടുക്കുന്നത്. വിഷയം രാജ്യസഭയിൽ ഉന്നയിച്ച എം.പി പ്രമോദ് തിവാരി, ഫാക്ടറിക്ക് അനുമതി നൽകിയതിനെക്കുറിച്ച് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടു.ഇതിനെ തുടർന്ന്, ഇന്ത്യയിൽ നിലവിൽ പി.എഫ്.എ.എസ് രാസവസ്തുക്കൾ നിരോധിച്ചുകൊണ്ടുള്ള പ്രത്യേക പരിസ്ഥിതി നിയമങ്ങൾ ഇല്ലെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർദ്ധൻ സിങ് പാർലമെന്റിൽ രേഖാമൂലം വ്യക്തമാക്കുകയും ചെയ്തു.

യൂറോപ്യൻ രാജ്യങ്ങൾ തള്ളിക്കളയുന്ന മലിനീകരണമുണ്ടാക്കുന്ന യന്ത്രങ്ങളും വ്യവസായങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും വലിയ ജനകീയ പ്രക്ഷോഭമാണ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ, തങ്ങൾ ഇന്ത്യൻ നിയമങ്ങളെല്ലാം പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും മലിനീകരണ ആരോപണങ്ങൾ തെറ്റാണെന്നുമാണ് ലക്ഷ്മി ഓർഗാനിക്സിന്റെ വിശദീകരണം. 'യൂറോപ്പിൽ വേണ്ടെന്ന് വെച്ച് പുറന്തള്ളിയ ഒന്നിനെ വികസനമെന്ന പേരിൽ ഇന്ത്യയിൽ കൊണ്ടുവന്ന് ജനങ്ങളുടെ ആരോഗ്യം വെച്ചു കളിക്കാൻ അനുവദിക്കില്ല' എന്ന് സമരക്കാർ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Protestschemical companyIndiaEnvironmental Pollution
News Summary - Chemical company rejected by Europe in India, says it causes deadly cancer; Parliament seeks explanation from the Center
Next Story