പകർപ്പവകാശ ലംഘനം: കങ്കണക്കെതിരെ കേസെടുത്തു
text_fieldsമുംബൈ: നിർമാണത്തിലുള്ള സിനിമ 'മണികാർണിക റിട്ടേൺസ്: ദ ലജൻറ് ഒാഫ് ദിഡ്ഢ'യുടെ ഇതിവൃത്തം മോഷ്ടിച്ചതെന്ന ഗ്രന്ധകാരൻ ആശിഷ് കൗളിന്റെ പരാതിയിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോളിക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലിസ് കേസെടുത്തു. അന്ധേരി അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് ഖാർ പൊലിസാണ് പകർപ്പാവകാശ നിയമ പ്രകാരം കേസെടുത്തത്.
'മണികാർണിക റിട്ടേൺസ്: ദ ലജൻറ് ഒാഫ് ദിഡ്ഢ'യുടെ കഥ തന്റെ 'ദിഡ്ഢ: ദ വാരിയർ ക്വീൻ ഒാഫ് കശ്മീർ' എന്ന പുസ്തകത്തിൽ നിന്നെടുത്തതാണെന്നാണ് ആശിഷ് കൗളിന്റെ പരാതി. പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന് ആമുഖം എഴുതാനാവശ്യപ്പെട്ട് കങ്കണക്ക് ഇ-മെയിൽ വഴി അയച്ച വിവരങ്ങളാണ് സിനിമയാക്കിയതെന്നും ആരോപിച്ചു.
കങ്കണ 'മണികാർണിക' പരമ്പരയിലെ രണ്ടാം ചിത്രം പ്രഖ്യാപിച്ചത് മുതൽ ആശിഷ് ആരോപണവുമായി രംഗത്തുണ്ട്. പൂഞ്ചിലെ രാജകുമാരിയായിരുന്ന ഒരു കാലിൽ പോളിയോ ബാധിച്ച ദിഡ്ഢയെ കുറിച്ച് ആറു വർഷത്തെ ഗവേഷണത്തിന് ശേഷമാണ് പുസ്തകമെഴുതിയതെന്നും ദിഡ്ഢയെ കുറിച്ച് അവരുടെ വംശജനായ തേൻറതല്ലാത്ത മറ്റ് ആധികാരിക ഗ്രന്ഥമില്ലെന്നും ആശിഷ് അവകാശപ്പെട്ടു.

