ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാക്രമണത്തിനിടെ 85കാരിയായ അക്ബരി ബീഗത്തെ തീവെച്ചുകൊന്ന കേസിൽ തെളിവായി മുഖ്യപ്രതി എട്ടു വിഡിയോകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ദൃക്സാക്ഷികൾ പകർത്തിയ ദൃശ്യത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അക്രമികൾ എത്തിയപ്പോൾ ഭജൻപുരയിലുള്ള അക്ബരി ബീഗത്തിെൻറ കുടുംബം വീടിെൻറ മേൽക്കൂരയിൽ കുടുങ്ങി. പ്രായമായ അക്ബരി ബീഗത്തിന് അവിടേക്ക് എത്താനായില്ല. ഇതിനിടെ, വീട് കത്തിച്ച ശേഷം പ്രതി ഇറങ്ങിപ്പോയെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഭവത്തിൽ പ്രതികളായ അരുൺ കുമാർ (26), വരുൺ കുമാർ (22), വിശാൽ സിങ് (29), രവി കുമാർ (24), പ്രകാശ് ചന്ദ് (36), സൂരജ് സിങ് (28) എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും കുറ്റപത്രത്തിലുണ്ട്. അതിനിടെ, വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെയുള്ള പരാതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.