സിനിമ ട്രെയിലർ കാണാൻ തിയറ്റർ തകർത്ത് ആരാധകർ; വിഡിയോ
text_fieldsവിശാഖപട്ടണം: തെന്നിന്ത്യൻ താരവും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസിന് ആരാധകർ തിയറ്റർ തകർത്തു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് സംഭവം.
ട്രെയിലർ റിലീസായതോടെ ആരാധകർ തിയറ്ററിന്റെ മുൻവശത്തെ ചില്ലു തകർത്ത് തിയറ്ററിന് അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. ആരാധകർ ചില്ല് തകർത്ത് അകത്തേക്ക് കയറുന്നതും ഒരാൾ വീണുകിടക്കുന്നതും വിഡിയോയിൽ കാണാം.
തിങ്കളാഴ്ചയാണ് പുതിയ ചിത്രമായ 'വക്കീൽ സാബി'ന്റെ ട്രെയിലർ റിലീസ് ചെയ്തത്. ഹോളിയോട് അനുബന്ധിച്ചായിരുന്നു റിലീസ്. വൈകിട്ട് നാലുമണിക്ക് വളരെ കുറച്ച് തിയറ്ററിൽ മാത്രമാണ് ട്രെയിലർ റിലീസ് ചെയ്തത്. തിങ്കളാഴ്ച ഉച്ച രണ്ടുമണിയോടെ തന്നെ ആരാധകർ തിയറ്ററിന് പുറത്ത് തടിച്ചുകൂടി പൂജ നടത്തുകയും തേങ്ങ ഉടക്കുകയും ചെയ്തിരുന്നു.
രണ്ടുവർഷത്തിന് ശേഷം തെലുഗു സിനിമിയിലേക്ക് പവൻ കല്യാണിന്റെ തിരിച്ചുവരവാണ് വക്കീൽ സാബിലൂടെ നടക്കുക. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പിങ്ക് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കാണ് വക്കീൽ സാബ്.

