സിദ്ദുവിന്‍റെ സമ്മർദത്തിന് കീഴടങ്ങി; അഡ്വക്കറ്റ് ജനറലിന്‍റെ രാജി പഞ്ചാബ് അംഗീകരിച്ചു
text_fieldsചണ്ഡീഗഡ്: നവ്ജ്യോത് സിങ് സിദ്ദുവിന്‍റെ സമ്മർദത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ. അഡ്വക്കറ്റ് ജനറൽ എ.പി.എസ്. ഡിയോളിന്‍റെ രാജി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചാന്നി അംഗീകരിച്ചു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച സിദ്ദു, പുതിയ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചാൽ മാത്രമേ താൻ ഓഫിസിലെത്തി ചുമതലയേൽക്കൂവെന്ന് അറിയിച്ചിരുന്നു.
പഞ്ചാബ് കാബിനറ്റ് ഡിയോളിന്‍റെ രാജി അംഗീകരിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ അഡ്വക്കറ്റ് ജനറലിനെ നാളെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ദുവിനൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പോരാളിയായ ഞാൻ രാജി പിൻവലിച്ചു. പക്ഷേ, സംസ്ഥാനത്തിന് പുതിയ അഡ്വക്കറ്റ് ജനറലിനെയും ഡി.ജി.പിയെയും ലഭിക്കുന്ന സമയം മാത്രമേ താൻ ചുമതല ഏറ്റെടുക്കു -സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങൾ സത്യത്തിന്‍റെ പാതയിലാണെങ്കിൽ പദവികൾ ഒരു പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിയോൾ നവംബർ ഒന്നിന് രാജിക്കത്ത് കൈമാറിയിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് ഡിയോൾ പറഞ്ഞത്. സിഖ് വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചതിൽ പ്രതിേഷധിച്ചവരുടെ നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ആരോപണവിധേയനായ മുൻ ഡി.ജി.പി സുമേദ് സിങ് സൈനിയുടെ കോൺസൽ ആയിരുന്നു ഡിയോൾ. ഇദ്ദേഹത്തെ അഡ്വക്കറ്റ് ജനറലായി നിയോഗിച്ചതിൽ സിദ്ദുവിനെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കൾക്കും പ്രതിഷേധമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

