പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം 2026ൽ യാഥാർഥ്യമാക്കുമെന്ന് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ-4 2027ൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ചന്ദ്രനിൽ നിന്ന് പാറകളുടെ സാമ്പിളുകൾ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എൽ.വി.എം 3 റോക്കറ്റിന്റെ രണ്ട് വിക്ഷേപണങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഭ്രമണപഥത്തിൽവെച്ച് ഇവ കൂട്ടിയോജിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യവും അടുത്ത വർഷം വിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2026ൽ തന്നെ സമുദ്രയാൻ ദൗത്യവും വിക്ഷേപിക്കും. മുങ്ങികപ്പലിൽ 6000 മീറ്റർ ആഴത്തിലേക്ക് പോകുന്നതാണ് ദൗത്യം. തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നരേന്ദ്രമോദി സമുദ്രയാൻ ദൗത്യത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ഇതാണ് ഈ വർഷം യാഥാർഥ്യമാവാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്രയാൻ ദൗത്യം വഴി നിരവധി നിർണായക ധാതുക്കൾ, അപൂർവ ലോഹങ്ങൾ, മറൈൻ ജൈവ വ്യവസ്ഥ എന്നിവയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യപടിയെന്ന നിലയിൽ വ്യോമമിത്ര എന്ന പേരിലുള്ള റോബോട്ടിനെ ഈ വർഷം ബഹിരാകാശത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനായി ഐ.എസ്.ആർ.ഒക്കായി പുതിയ വിക്ഷേപത്തറ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലായിരിക്കും വിക്ഷേപത്തറ ഒരുക്കുക.
ബഹിരാകാശ മേഖലയിൽ നിന്നുള്ള ഇന്ത്യയുടെ വരുമാനം എട്ട് ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടുത്ത പതിറ്റാണ്ടിൽ വരുമാനം 44 ബില്യൺ ഡോളറായി ഉയരും. ഇതോടെ ഇന്ത്യ ബഹിരാകാശത്ത് രംഗത്തെ വലിയ ശക്തിയായി വളരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

