എല്ലാവരും സമാധാനം പാലിക്കണം, പോരാട്ടം തുടരും; വെടിയേറ്റതിന് ശേഷമുള്ള ആസാദിന്റെ ആദ്യ വിഡിയോ പുറത്ത്
text_fieldsന്യൂഡൽഹി: യു.പിയിൽ വെച്ച് കഴിഞ്ഞ ദിവസം വെടിയേറ്റതിന് ശേഷമുള്ള ചന്ദ്രശേഖർ ആസാദിന്റെ ആദ്യ വിഡിയോ പുറത്ത്. ആശുപത്രിയിൽ നിന്നുള്ള ചന്ദ്രശേഖർ ആസാദിന്റെ വിഡിയോ സന്ദേശമാണ് പുറത്ത് വന്നത്. ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സുഹൃത്തുക്കളോടും പാർട്ടി പ്രവർത്തകരോടും സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്യുകയാണ്. നമ്മുടെ പോരാട്ടം തുടരും. കോടിക്കണക്കിനാളുകളുടെ സ്നേഹവും പ്രാർഥനയും കൊണ്ട് തനിക്കിപ്പോൾ പ്രശ്നമൊന്നുമില്ലെന്നും ആസാദ് പറഞ്ഞു.
അതേസമയം, ചന്ദ്രശേഖർ ആസാദിന് നാളെ ആശുപത്രി വിടാനാകുമെന്ന് എസ്.പി അഭിമന്യു മാങ്കലിക് പറഞ്ഞു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടില്ല. പരിശോധനകൾക്ക് ശേഷം അദ്ദേഹത്തിന് ആശുപത്രി വിടാനാകും. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഇവർ വൈകാതെ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച യു.പിയിലെ സഹരാൻപൂർ ജില്ലയിൽ വെച്ചാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ചന്ദ്രശേഖർ ആസാദിന്റെ കാറിന്റെ വിൻഡോ വെടിവെപ്പിൽ തകർന്നിരുന്നു. സഹരാൻപൂരിൽ ഒരു ചടങ്ങിനെത്തിയപ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിലാണ് അക്രമികൾ എത്തിയത്. ചന്ദ്രശേഖറിന്റെ കാറിന്റെ ഡോറിലും സീറ്റിലും വെടിയേറ്റ പാടുകളുണ്ട്. നാല് തവണ അക്രമിസംഘം നിറയൊഴിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

