ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു അധികാരമേറ്റു
text_fieldsവിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാലാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നത്. അദ്ദേഹത്തോടൊപ്പം ജനസേനാ മേധാവി പവൻ കല്യാണും നായിഡുവിന്റെ മകൻ നാരാ ലോകേഷും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൽ നസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗണ്ണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐ.ടി പാർക്കിലായിരുന്നു ചടങ്ങ് നടന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ ജെ.പി.നദ്ദ, നിതിൻ ഗഡ്കരി നടന്മാരായ ചിരഞ്ജീവി, രജനി കാന്ത്, നന്ദമുരി ബാലകൃഷ്ണ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
175 അംഗ നിയമ സഭയിൽ ടി.ഡി.പിക്ക് 135ഉം സഖ്യകക്ഷിയായ ജനസേന പാർട്ടിക്ക് 21ഉം ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണുള്ളത്. പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസിന് 11 എം.എൽ.മാരാണുള്ളത്.
ടി.ഡി.പിയിൽ നിന്ന് 21, ജനസേന മൂന്ന് , ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് മന്ത്രിമാരുടെ കണക്ക്. ചൊവ്വാഴ്ച നടന്ന പ്രത്യേക യോഗങ്ങളിൽ തെലുങ്കുദേശം പാർട്ടിയും എൻ.ഡി.എ സഖ്യ കക്ഷികളും നായിഡുവിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

