രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; സിദ്ധരാമയ്യ മുതൽ പിണറായി വിജയൻ വരെ പട്ടികയിൽ
text_fieldsചന്ദ്രബാബു നായിഡു, സിദ്ധരാമയ്യ, പിണറായി വിജയൻ
അമരാവതി: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാമനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (A.D.R), നാഷണൽ ഇലക്ഷൻ വാച്ച് (N.E.W) എന്നിവയുടെ റിപ്പോർട്ട് പ്രകാരം 931 കോടി രൂപയുടെ ആസ്തിയാണ് ചന്ദ്രബാബു നായിഡുവിനുള്ളത്.
തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) മേധാവിയായ ചന്ദ്രബാബു നായിഡുവിന്റെ സ്വത്തിൽ 810 കോടിയിലധികം രൂപയുടെ വാഹനങ്ങൾ, സ്വർണം, പണം എന്നിവയും 121 കോടിയിലധികം രൂപയുടെ വീടുകൾ, സ്ഥലങ്ങൾ എന്നീ സ്വത്തുക്കളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 27 സംസ്ഥാന നിയമസഭകളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നിലവിലെ 30 മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിൽ നിന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ഭാരതീയ ജനതാ പാർട്ടിയെ (ബി.ജെ.പി) പ്രതിനിധികരിക്കുന്ന അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 332 കോടിയിലധികം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 165 കോടി രൂപ മൂല്യമുള്ള വാഹനങ്ങൾ, സ്വർണ്ണാഭരങ്ങൾ, പണം തുടങ്ങിയവയും 167 കോടി രൂപയുടെ വീടുകൾ, സ്ഥലങ്ങൾ എന്നിവയുമുണ്ട്. പട്ടികയിൽ മൂന്നാം സ്ഥാനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. 51 കോടിരൂപയുടെ ആസ്തിയുണ്ട് സിദ്ധരാമയ്യക്ക്.
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ (എ.ഐ.ടി.സി) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി. പുറത്തുവന്ന കണക്കുകൾ പ്രകാരം 15.38 ലക്ഷം രൂപയാണ് മമതയുടെ ആകെ ആസ്തി.
ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മറ്റ് മുഖ്യമന്ത്രിമാരിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഉൾപ്പെടുന്നു. അദ്ദേഹത്തിന് ആകെ 55.24 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് 31.8 ലക്ഷം രൂപയുടെ വാഹനങ്ങളും, സ്വർണ്ണാഭരങ്ങളും 86.95 ലക്ഷം രൂപയുടെ വീടും മറ്റു സ്ഥലങ്ങളും ഉൾപ്പെടെ 1.18 കോടി രൂപയുടെ ആസ്തിയുണ്ട്.
പുറത്തുവന്ന എ.ഡി.ആർ റിപ്പോർട്ടിൽ വിവിധ മുഖ്യമന്ത്രിമാർ നേരിടുന്ന ക്രിമിനൽ കുറ്റങ്ങളും ഉൾപ്പെടുന്നുണ്ട്. 30 മുഖ്യമന്ത്രിമാരിൽ 12 പേർ (40%) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എ.ഡി.ആറിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, കൈക്കൂലി, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന 10 മുഖ്യമന്ത്രിമാരും ഉണ്ട്.
റിപ്പോർട്ട് പ്രകാരം 11 മുഖ്യമന്ത്രിമാർ ഒരു കോടി രൂപയോ അതിൽ കൂടുതലോ ബാധ്യതയുള്ളവരാണ്. 180 കോടി രൂപയിൽ കൂടുതൽ ബാധ്യതകളുമായി അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു പട്ടികയിൽ ഒന്നാമതാണ്. 23 കോടി രൂപയുടെ ബാധ്യതകളുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തൊട്ടുപിന്നിലുണ്ട്. പട്ടികയിൽ ഒന്നാമനാണെങ്കിലും ചന്ദ്രബാബു നായിഡുവിന് 10 കോടിയിലധികം ബാധ്യതകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

