ചണ്ഡിഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ ശുചിമുറി ദൃശ്യം പ്രചരിപ്പിക്കൽ; സൈനികൻ അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയിലെ വനിത ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ സൈനികനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. അരുണാചൽ പ്രദേശിലെ സെല പാസ്സിൽ നിന്നാണ് സഞ്ജീവ് സിങ് എന്ന സൈനികനെ പിടികൂടിയതെന്ന് പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. ഇയാളെ മൊഹാലി കോടതിയിൽ ഹാജരാക്കും.
ദൃശ്യങ്ങൾ കാട്ടി സഞ്ജീവ് സിങ് വിദ്യാർഥിനികളെ ബ്ലാക്മെയിൽ ചെയ്തെന്നും ഇന്ത്യൻ സേനയുടെയും അസം, അരുണാചൽ പ്രദേശ് പൊലീസുകളുടെയും സഹകരണത്തോടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് ഉണ്ടായതെന്നും ഡി.ജി.പി പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനിയും രണ്ട് പുരുഷന്മാരുമാണ് നേരത്തേ ഹിമാചൽ പ്രദേശിൽനിന്ന് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ചണ്ഡിഗഡ് യൂനിവേഴ്സിറ്റി വനിത ഹോസ്റ്റലിലെ ശുചിമുറി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്. ഹോസ്റ്റലിലെ അന്തേവാസിയായ വിദ്യാർഥിനി പൊതു ശുചിമുറിയിൽനിന്ന് മറ്റ് വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയെന്നും പ്രചരിപ്പിച്ചെന്നുമാണ് കേസ്. അതേസമയം, ദൃശ്യങ്ങൾ പ്രചരിച്ചെന്ന അഭ്യൂഹം അടിസ്ഥാനരഹിതമാണെന്ന് യൂനിവേഴ്സിറ്റി അധികൃതർ പറയുന്നു.