സീറോ വേസ്റ്റ് മോഡേൺ ഫുഡ് സ്ട്രീറ്റിന് ഒരുങ്ങി ചണ്ഡീഗഢ്
text_fieldsചണ്ഡീഗഢ്: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഇടം സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണ സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമായി സെക്ടർ 15-ൽ സീറോ വേസ്റ്റ് മോഡേൺ ഫുഡ് സ്ട്രീറ്റ് പദ്ധതിയുമായി ചണ്ഡിഗഡ് സ്മാർട്ട് സിറ്റി ലിമിറ്റഡ് (സി.എസ്.സി.എൽ). എ.സി.ഇ.ഒ അനീഷ ശ്രീവാസ്തവ്, ഏരിയ കൗൺസിലർ സൗരഭ് ജോഷി എന്നിവരുടെ സാന്നിധ്യത്തിൽ സി.എസ്.സി.എൽ സി.ഇ.ഒ അനിന്ദിത മിത്ര ഫുഡ് സ്ട്രീറ്റിന്‍റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
1.17 കോടി രൂപ ബജറ്റിൽ ഇന്ത്യാ ഗവൺമെന്‍റിന്‍റെ നാഷണൽ ഹെൽത്ത് മിഷന്‍റെ ധനസഹായത്തോടെയുള്ള പദ്ധതി അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനർനിർമ്മിച്ച ഫ്ലോറിംഗ്, ഷെഡുകളുള്ള ബെഞ്ചുകൾ, പ്രത്യേക അടയാളങ്ങളോടുകൂടിയ ഡിസ്പ്ലേ ബോർഡുകൾ, സൈക്കിൾ ട്രാക്ക്, അലങ്കാര വിളക്കുകൾ, ലാൻഡ്സ്കേപ്പിംഗ് ജോലികൾ, സി.സി.ടി.വി ക്യാമറകൾ, മാലിന്യ സംസ്കരണത്തിനുള്ള ഇരട്ട ഡസ്റ്റ്ബിന്നുകൾ, വാട്ടർ എ.ടി.എം തുടങ്ങി നിരവധി സാധ്യതകൾ ഉൾപ്പെടുത്തിയാണ് ഇതിന്‍റെ നിർമ്മാണം.
സീറോ പ്ലാസ്റ്റിക് ഏരിയ, ഭിന്നശേഷിക്കാർക്കുള്ള സൗഹൃദ അടിസ്ഥാന സൗകര്യങ്ങൾ, നോൺ-മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് എന്നിവയാണ് ഈ പദ്ധതിയുടെ പ്രത്യേകതകൾ. നടത്തം, സൈക്ലിംഗ്, വീൽചെയർ യാത്ര, സ്കേറ്റിംഗ്.. തുടങ്ങിയവ ഉൾപ്പെടുന്നതാണ് നോൺ-മോട്ടറൈസ്ഡ് ട്രാൻസ്പോർട്ട് എന്നത്. പരിസ്ഥിതി സൗഹൃദവും ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. സീറോ വേസ്റ്റ് മോഡേൺ ഫുഡ് പദ്ധതി സുസ്ഥിര നഗര വികസനത്തിന് സഹായകമാവുമെന്നും മാലിന്യരഹിതമായ അന്തരീക്ഷം നിലനിർത്താൻ സഹായിക്കുമെന്നും അനിന്ദിത മിത്ര വ്യക്തമാക്കി.
പദ്ധതിയുടെ വിജയത്തിൽ ജനപങ്കാളിത്തത്തെപ്പറ്റിയും സമൂഹത്തിന്‍റെ ഇടപെടലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഏരിയ കൗൺസിലർ സൗരഭ് ജോഷി ഊന്നിപ്പറഞ്ഞു. ഈ സ്ട്രീറ്റ് ഒരു മാതൃകയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

