ചമ്പത് റായ്: രാമക്ഷേത്ര കൊള്ളയുടെ നടുവിലെ ആർ.എസ്.എസ് നേതാവ്
text_fieldsന്യൂഡൽഹി: കർസേവ നടത്തി ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയാനുള്ള പ്രസ്ഥാനത്തെ നയിച്ച് ആർ.എസ്.എസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിശ്വസ്തനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ ചമ്പത് റായ് ആണ് രാമക്ഷേത്ര കൊള്ള വിവാദത്തിന്റെ കേന്ദ്ര സ്ഥാനത്ത്. രാമക്ഷേത്ര നിർമാണത്തിന്റെ തുടക്കം മുതൽ പൂജാ കർമങ്ങളിൽ വരെ ഭാഗഭാക്കായ ആർ.എസ്.എസ് നേതാവാണ് ചമ്പത് റായ്. 1991ൽ രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി അയോധ്യയിലേക്ക് നീങ്ങിയ ചമ്പത് റായ് 1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിലും പങ്കാളിയായി. 2020 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റിൽ 15 അംഗ ട്രസ്റ്റ് പ്രഖ്യാപിച്ചത്. ബാബരി ഭൂമി കേസിൽ രാമക്ഷേത്രത്തിനായി വാദിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പരാശരന്റെ വീട്ടിൽ ചേർന്ന രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ യോഗത്തിൽ ചമ്പത് റായിയെ ജനറൽ സെക്രട്ടറിയാക്കുകയും ചെയ്തു. ന്യൂഡൽഹി ഗ്രേറ്റർ കൈലാഷിൽ രജിസ്ട്രേഡ് ഓഫിസുണ്ടാക്കി തുടക്കം കുറിച്ച പ്രവർത്തനത്തിനൊടുവിലാണ് രാമക്ഷേത്രം യാഥാർഥ്യമാക്കിയത്.
ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിയായ ചമ്പത് റായ് കുട്ടിക്കാലം തൊട്ടേ ആർ.എസ്.എസുകാരനായിരുന്നു. മുഴുസമയ ആർ.എസ്.എസ് പ്രചാരണത്തിന് ആർ.എസ്.എം ഡിഗ്രി കോളജിലെ കെമിസ്ട്രി അധ്യാപകന്റെ ജോലിയുപേക്ഷിച്ചു. തുടർന്നാണ് രാമക്ഷേത്ര പ്രസ്ഥാനത്തിൽ അശോക് സിംഗാളിന് പിന്നിൽ നിലകൊണ്ടത്. ആ മേൽവിലാസത്തിലാണ് കേന്ദ്ര സർക്കാർ രൂപവത്കരിച്ച ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായത്.
2021ൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അയോധ്യയിലെ ബാഗ് ബിജെയ്സി ഗ്രാമത്തിൽ നടത്തിയ ഭൂമി ഇടപാടിലൂടെയാണ് ചമ്പത് റായിയുടെ മേൽ ആദ്യ അഴിമതി ആരോപണമുയരുന്നത്. കേവലം രണ്ടുകോടി രൂപ വിലയുള്ള ഭൂമി 18 കോടി രൂപ കൊടുത്ത് രാമക്ഷേത്ര ട്രസ്റ്റിനെക്കൊണ്ട് വാങ്ങിപ്പിച്ചത് അഖിലേഷ് യാദവും സമാജ് വാദി പാർട്ടിയും ചൂണ്ടിക്കാട്ടിയപ്പോൾ രാഷ്ട്രീയ ആരോപണമാണെന്നുപറഞ്ഞ് ചമ്പത് റായ് കൈകഴുകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടിയൊന്നുമെടുത്തതുമില്ല. രാമക്ഷേത്ര സംഭാവനകൾ കാണാതാകുന്നതിലേക്കും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ഈ മാസം ഏഴിന് ദേശീയ ശ്രദ്ധ ക്ഷണിക്കുന്നത്. തുടർന്ന് പ്രധാനമന്ത്രി സമ്മതം നൽകിയപ്പോഴാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എസ്.ഐ.ടി രൂപവത്കരിക്കുന്നത്.
2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള രണ്ടാം വർഷത്തെ കൊള്ള മാത്രമാണിപ്പോൾ പരിശോധിക്കുന്നത്. പണവും സ്വർണവും വെള്ളിയും അടക്കം ചമ്പത് റായിക്ക് കീഴിൽ മോഷ്ടിക്കപ്പെട്ട സമ്പത്ത് എത്രയെന്ന് ഇനിയും കണക്കാക്കിയിട്ടില്ല. രാമക്ഷേത്ര കൊള്ളയിൽ 42 ദിവസത്തിനകം നടന്ന 70 മോഷണം മാത്രമാണിപ്പോൾ പുറത്തുവന്നത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. അറസ്റ്റിലായ പരൽമീനുകളെ നിയന്ത്രിച്ചിരുന്ന വൻ സ്രാവ് ആരെന്ന ചോദ്യത്തിനിടയിലാണ്, മോദിയുടെയും ആർ.എസ്.എസിന്റെയും വിശ്വസ്തനായ ചമ്പത് റായിയുടെ രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

