ബദ്‍രീനാഥിലേക്കുള്ള റോഡുപണിക്കിടെ മഞ്ഞിടിച്ചിലിൽ മരിച്ച തൊഴിലാളികളുടെ എണ്ണം എട്ടായി; രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ
text_fieldsഡെറാഡൂൺ: ഞായറാഴ്ച നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഉത്തരാഖണ്ഡിലെ ചമോലി ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിൽ കണക്കാക്കാതിരുന്ന അരവിന്ദ് കുമാർ എന്ന തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിയതിനെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക താൽപര്യമുള്ള ‘ചാർ ധാം പരിയോജന’ക്കു കീഴിൽ ബദ്‍രീനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം സുഗമമാക്കുന്നതിനായി റോഡ് വീതി കൂട്ടുന്ന പണിക്കായി വിന്യസിച്ച 54 തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ബദ്‍രീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ ഹൈവേ പദ്ധതിയാണിത്.
വെള്ളിയാഴ്ച രാവിലെയുണ്ടായ ഹിമപാതത്തിൽ 57 തൊഴിലാളികൾ കുടുങ്ങിയതായി സംസ്ഥാന സർക്കാർ ആദ്യം പറഞ്ഞിരുന്നുവെങ്കിലും മൂന്ന് തൊഴിലാളികൾ അവധിയിലായിരുന്നുവെന്ന് പറഞ്ഞ് പിന്നീട് അത് തിരുത്തി. ഹിമപാതത്തിന് ഇരയായവരുടെ എണ്ണം 54 ആയി പുതുക്കി. രക്ഷാപ്രവർത്തകർ 47 തൊഴിലാളികളെ ഒഴിപ്പിച്ചതായി അധികൃതർ അവകാശപ്പെട്ടു.
ടിബറ്റ് അതിർത്തിയോട് ചേർന്ന് ചമോലി ജില്ലയിലെ മന ഗ്രാമത്തിനും മന പാസിനുമിടയിലുള്ള മഞ്ഞുമൂടിയ ദബ്രാനി പ്രദേശമാണ് അപകടസ്ഥലം. ബദ്‍രീനാഥ് ക്ഷേത്രത്തിൽനിന്നും അഞ്ച് കിലോമീറ്റർ മാത്രം ദൂരെയാണിത്.ബദ്‍രീനാഥ്
മാസ്റ്റർ പ്ലാനിന് കീഴിൽ നടക്കുന്ന പ്രദേശത്തെ പദ്ധതിയുടെ മൊത്തത്തിലുള്ള ചുമതല ബോർഡർ റോഡ് ഓർഗനൈസേഷൻ ആണെങ്കിലും മന-ബദ്‍രീനാഥ് റോഡിന്റെ വീതി കൂട്ടൽ ഒരു സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുകയായിരുന്നു.
കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയോ അല്ലാതെയോ പ്രദേശത്ത് ഈ സീസണിൽ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തുടർച്ചയായ മഞ്ഞുവീഴ്ച, ഹിമപാതങ്ങൾ, ഹിമാനികൾ തകർച്ച എന്നിവ കാരണം നവംബർ മുതൽ ഏപ്രിൽ വരെ ഇവിടെ സിവിലിയൻ സഞ്ചാരം നിരോധിച്ചിരിക്കുന്നുവെന്നും സംസ്ഥാന ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ, മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടായിട്ടും തൊഴിലാളികളെ ഒഴിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നതിന് ഇപ്പോഴും ഉത്തരമില്ല. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഒഴുക്കൻ മറുപടിയാണ് നൽകിയത്. പദ്ധതി വേഗത്തിലാക്കാൻ തൊഴിലാളികളുടെ സുരക്ഷ സർക്കാർ അവഗണിച്ചതായി സംസ്ഥാന കോൺഗ്രസ് ആരോപിച്ചു. മെയ് 4ന് ബദരീനാഥ് ക്ഷേത്രം വീണ്ടും ഭക്തർക്കായി തുറക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം.
ഈ പ്രദേശം വളരെ അപകടകരമാണ്. ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സും സൈനിക ഉദ്യോഗസ്ഥരും മാത്രമാണ് അവിടെ അവരുടെ ക്യാമ്പുകളിൽ കഴിയുന്നത്. രണ്ട് ഹിമപാതങ്ങളും തുടർച്ചയായ മഞ്ഞുവീഴ്ചയും കാരണം രക്ഷാപ്രവർത്തകർക്ക് വെള്ളിയാഴ്ച രാത്രി അവരുടെ താവളത്തിലേക്ക് തിരിച്ചുപോരേണ്ടിവന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

