
കർഷകരുടെ റോഡ് ഉപരോധം തുടങ്ങി; നിരവധി നേതാക്കൾ കരുതൽ തടങ്കലിൽ
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ മൂന്ന് മണിക്കൂർ നീണ്ട റോഡ് തടയൽ സമരം ആരംഭിച്ചു. സംസ്ഥാന, ദേശീയ പാതകളാണ് കർഷകർ ഉപരോധിക്കുക. ഉച്ച 12 മുതൽ മൂന്നുവരെയാണ് റോഡ് ഉപരോധം.
ഹരിയാനയിലെ പാൽവാലിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്. കൂടാതെ ഡൽഹി -രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും കർഷകർ ഗതാഗതം തടഞ്ഞുതുടങ്ങി. പഞ്ചാബിലെ അമൃത്സറിലും മൊഹാലിയിലും കർഷകർ റോഡിലിറങ്ങി.
കർഷകരുടെ ഗതാഗത സ്തംഭനത്തിന് മുന്നോടിയായി ബംഗളൂരുവിലും ഡൽഹിയിലും കൂടുതൽ നേതാക്കളെ കരുതൽ തടങ്കലിലാക്കി. ബംഗളൂരുവിൽ 30 പേരെ കസ്റ്റഡിയിലെടുത്തു.
റോഡ് ഉപരോധ സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിരവധി നേതാക്കെള പൊലീസ് കസ്റ്റഡിയിലെടുത്തതായി ആൾ ഇന്ത്യ കിസാൻ മസ്ദൂർ സഭ പറഞ്ഞു. സി.ഐ.ടി.യു ഡൽഹി നോർത്ത് ജില്ല വൈസ് പ്രസിഡന്‍റ് വിപിനെ ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കി. ഐ.എഫ്.ടി.യു ദേശീയ ട്രഷററും ഡൽഹി പ്രസിഡന്‍റുമായ ഡോ. അനിമേഷ് ദാസിനെ കലക്ജി പൊലീസ് പുലർച്ചെ അഞ്ചുമണിയോടെ കസ്റ്റഡിയിലെടുത്തു. എ.ഐ.ടി.യു.സി സെക്രട്ടറി ചൗരാശിയയും പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം കർഷക സംഘടന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി സംഘടനകൾ രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് സി.പി.ഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആനി രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
