Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്’; ചാനലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
‘ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്’; ചാനലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
cancel

ന്യൂഡൽഹി: ഭീകരവിരുദ്ധ നടപടികളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്നും അക്രമദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുതെന്നും മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.

1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് (റെഗുലേഷൻ) നിയമവും 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് ചട്ടങ്ങളും അനുസരിച്ചുള്ള പ്രോഗ്രാം കോഡ് കർശനമായി പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

വിവിധ സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ പ്രോഗ്രാം കോഡിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സമാന വിഷയങ്ങളിൽ ഒരേ തരത്തിലുള്ള വാർത്തകളും ദൃശ്യങ്ങളും ഒന്നിലധികം ചാനലുകളിൽ സംപ്രേഷണം ചെയ്ത സംഭവങ്ങളും ഇന്റർ ഡിപ്പാർട്ട്‌മെന്റൽ കമ്മിറ്റിയുടെ (ഐ.ഡി.സി) യോഗത്തിൽ വിലയിരുത്തിയിരുന്നു. ടെലിവിഷൻ പരിപാടികളിൽ അനുചിതമായ പെരുമാറ്റവും ഭാഷാപ്രയോഗവും സാധാരണവൽക്കരിക്കരുതെന്നും സമിതി നിർദേശിച്ചു.

ഭീകരവിരുദ്ധ നടപടികളുടെ തത്സമയ സംപ്രേഷണം, അക്രമദൃശ്യങ്ങൾ, കുറ്റകൃത്യ വാർത്തകൾ, പ്രകൃതിദുരന്തങ്ങളുടെ റിപ്പോർട്ടിങ്, ഇന്ത്യയുടെ ആധികാരിക ഭൂപടങ്ങളുടെ ഉപയോഗം, സാമുദായിക സൗഹാർദം, ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വ്യക്തിത്വം സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

തത്സമയ ചർച്ചകളും പാനൽ ചർച്ചകളും ഉൾപ്പെടെയുള്ള പരിപാടികൾ സാമുദായികമോ ദേശീയവിരുദ്ധമോ ആയ നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

വാർത്താ പരിപാടികളിൽ നിർമിതബുദ്ധി(എ.ഐ), ജനറേറ്റീവ് എ.ഐ എന്നിവ ഉപയോഗിക്കുമ്പോഴും പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. ഗ്രാഫിക്സ്, വെർച്വൽ വാർത്താ അവതരണങ്ങൾ തുടങ്ങിയവയിൽ എ.ഐ ഉപയോഗിക്കുമ്പോൾ വാർത്തകളുടെ കൃത്യത, ആധികാരികത, വിഷയത്തിന്റെ ഗൗരവം എന്നിവയിൽ വിട്ടുവീഴ്ച വരുത്തരുത്. എ.ഐ ഉപകരണങ്ങളുടെ ഉപയോഗം നിശ്ചിത ആവശ്യങ്ങൾക്കായി പരിമിതപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാർത്താശേഖരണം, എഡിറ്റിങ്, നിർമാണം, സംപ്രേഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് നിരന്തര പരിശീലനം നൽകണമെന്നും എഡിറ്റോറിയൽ പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ചാനലുകൾക്കെതിരെ 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്‌സ് (റെഗുലേഷൻ) നിയമപ്രകാരം നടപടിയുണ്ടാകാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Centre warns channels against anti-national content
Next Story