ഇനി ലോക്ഡൗണില്ല; കോവിഡിനെ പ്രതിരോധിക്കാൻ പുതിയ മാർഗങ്ങൾ തേടി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ കർശനമായ ലോക്ഡൗൺ ഇനി ഏർപ്പെടുത്തില്ലെന്ന് സൂചന. ഇക്കണോമിക് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടെയ്ൻമെൻറ് സോണുകളിൽ മാത്രം കർശന നിയന്ത്രണമേർപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാനായിരിക്കും സർക്കാർ ശ്രമം.
നഗരങ്ങളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ താമസിക്കുന്നവരെ കർശനമായി നിരീക്ഷിക്കും. ഇവർ സാമൂഹിക അകലം പാലിക്കുന്നതും മുഖാവരണം ധരിക്കുന്നതും ഉറപ്പാക്കുമെന്ന് കേന്ദ്ര സർവിസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂൺ അവസാനത്തോടെ സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യപ്പെടും. ഗുരുതര സ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ രോഗികളെ ആശുപത്രികളിലെത്തിക്കാനുള്ള ശ്രമവും നടത്തും.
ജൂൺ 16നും 17നും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിങ് നടത്തുന്നതിന് മുന്നോടിയായാണ് പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതേസമയം, സംസ്ഥാന സർക്കാറുകൾക്ക് നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള അനുവാദവും കേന്ദ്രം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
