നീറ്റ്, സി.ബി.എസ്.ഇ: തോറ്റ്, തോറ്റ് കേന്ദ്രം
text_fieldsന്യൂഡൽഹി: നീറ്റ് ചോദ്യചോർച്ചയിൽ പിഴവ് സമ്മതിച്ചതിനു പിന്നാലെ സി.ബി.എസ്.ഇ മൂല്യനിർണയം തകിടം മറിഞ്ഞതിൽ നാണം കെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഉത്തരം മുട്ടി കേന്ദ്ര സർക്കാറും. സാങ്കേതിക വിപ്ലവമെന്ന പേരിൽ നടപ്പാക്കിയ സി.ബി.എസ്.ഇ 12ാം ക്ലാസ് മൂല്യനിർണയ പരിഷ്കാരം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി വെച്ചുള്ള ചൂതാട്ടമായി മാറിയതോടെയാണിത്.
‘ഓൺ-സ്ക്രീൻ മാർക്കിങ്’ പദ്ധതിക്കെതിരെ വിദ്യാർഥികളും രക്ഷിതാക്കളും ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ഉത്തരമില്ല. എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഇതിനൊരു പരിഹാരം കണ്ടെത്തുമെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന പാഴ്വാക്ക് മാത്രം.
പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ, നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ജൂൺ ഒന്നിന് ആരംഭിക്കാനായില്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ കാത്തിരിക്കുമ്പോൾ എന്തു ചെയ്യുമെന്ന് അറിയാതെ വിദ്യാഭ്യാസ മന്ത്രാലയം കൈമലർത്തുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി സർവ മേഖലയിൽ നിന്നും ഉയരുന്നുണ്ട്.
മൂല്യനിർണയത്തിന് സ്വകാര്യ കമ്പനിക്ക് നൽകിയ കരാറിൽ വൻ അഴിമതി ആരോപണമാണ് ഉയരുന്നത്. വിദ്യാഭ്യാസ മന്ത്രാലയം അറിയാതെ സി.ബി.എസ്.ഇ കരാർ നൽകില്ല. ടെൻഡർ അഴിമതി സംബന്ധിച്ച് പ്രതിഷേധം കനത്തതോടെയാണ് മന്ത്രാലയം സി.ബി.എസ്.ഇയോട് റിപ്പോർട്ട് തേടാൻ തയാറായത്.
ക്രമക്കേടുകളിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കുട്ടികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് കടുത്ത നിരീക്ഷണത്തിൽ പുനർമൂല്യനിർണയ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രാലയം ഇപ്പോൾ പറയുന്നു. പ്രതീക്ഷിച്ച മാർക്ക് ലഭിക്കാതെ പോയതോടെ വിദ്യാർഥികൾ നടത്തിയ സമാന്തര അന്വേഷണങ്ങൾ കേന്ദ്ര സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
17 കാരനായ സാർത്ഥക് സിദ്ധാന്ത് നടത്തിയ അന്വേഷണം കോടികളുടെ ടെൻഡർ അട്ടിമറിയിലേക്കാണ് വിരൽ ചൂണ്ടിയത്. 19 കാരനായ എത്തിക്കൽ ഹാക്കർ നിസർഗ അധികാരി സി.ബി.എസ്.ഇ വെബ് പോർട്ടലിലെ ഗുരുതരമായ സുരക്ഷാവീഴ്ചകൾ ഹാക്കിങ്ങിലൂടെ പരസ്യമാക്കി. ഇന്റർനെറ്റുള്ള ആർക്കും ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാവുന്ന പഴുതുകളാണ് നിസർഗ വെളിച്ചത്തുകൊണ്ടുവന്നത്.
പ്രധാനമന്ത്രിക്ക് മൻകി ബാത്തിൽ മാമ്പഴത്തെക്കുറിച്ച് സംസാരിക്കാൻ സമയമുണ്ടെന്നും ഭാവി പ്രതിസന്ധിയിലായ 18.5 ലക്ഷം കുട്ടികളുടെ കാര്യത്തിൽ മിണ്ടാട്ടമില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

