'ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ല'; റൂട്ടുകൾ മറ്റ് കമ്പനികൾക്ക് നൽകുമെന്ന് വ്യോമയാനമന്ത്രി
text_fieldsന്യൂഡൽഹി: വ്യോമയാനമേഖലയിൽ ഇൻഡിഗോയുടെ കുത്തക അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡു. കമ്പനിയുടെ ശൈത്യകാല ഷെഡ്യൂളിൽ മാറ്റങ്ങളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുടെ റൂട്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തും. ആ റൂട്ടുകൾ മറ്റ് കമ്പനികൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ 2200 ഫ്ലൈറ്റുകളാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ നിയന്ത്രണമുണ്ടാകുമെന്ന് നായിഡു ദൂരദർശനോട് പറഞ്ഞു. ഇതുവരെ റീഫണ്ടായി ഇൻഡിഗോ 745 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 7,30,655 റദ്ദാക്കിയ പി.എൻ.ആറിനാണ് റീഫണ്ട് നൽകിയത്.
ഇൻഡിഗോ പ്രതിസന്ധി പാർലമെന്റിൽ; മാർഗനിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മന്ത്രി
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവിസ് പ്രതിസന്ധി പാർലമെന്റിന്റെ ഇരുസഭകളിലും ഈ വിഷയം ഉന്നയിക്കപ്പെട്ടു. സർക്കാർ ഈ വിഷയത്തിൽ പ്രസ്താവന നടത്തണമെന്ന് ലോക്സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. സർവിസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്ന പ്രശ്നവും യാത്രാക്കൂലി ഉയരുന്ന പ്രശ്നവും അംഗങ്ങൾ ഉയർത്തിക്കാട്ടി.
ആയിരക്കണക്കിന് യാത്രക്കാർ വലയുകയാണെന്ന് ഗൊഗോയ് ചൂണ്ടിക്കാട്ടി. അവരിൽ ഡയാലിസിസ് നടത്തുന്ന രോഗികളും വിവാഹത്തിനായി പോകുന്നവരുമൊക്കെ ഉണ്ട്. എല്ലാവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ വ്യോമയാന മന്ത്രി ഈ വിഷയത്തിൽ രാജ്യസഭയിൽ വിശദമായ പ്രസ്താവന നടത്തുമെന്ന് സ്പീക്കർ അംഗങ്ങളെ അറിയിച്ചു.
സർക്കാർ പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അത് ഭാവിയിലേക്കുള്ള മാതൃക ആകുമെന്നും സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു രാജ്യസഭയിൽ പറഞ്ഞു.
സർവിസുകൾ അലങ്കോലപ്പെട്ടത് സിസ്റ്റത്തിന്റെ കുഴപ്പം കൊണ്ടല്ല, അത് ഇൻഡിഗോയുടെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് നേരിട്ട് ഉണ്ടായതാണ്. വിമാന ജീവനക്കാർക്ക് ഡ്യൂട്ടി നിയോഗിക്കുന്നതിലും മറ്റും ആഭ്യന്തരമായി അവർക്ക് വന്ന പാളിച്ചകളാണ് പ്രശ്നത്തിന് തുടക്കം കുറിച്ചതെന്നും ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ തകരാർ കൊണ്ടല്ലെന്നും കോൺഗ്രസ് എം.പി പ്രമോദ് തിവാരിയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു.
ഹൈകോടതി ഉത്തരവിനെതുടർന്ന്, ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയശേഷമാണ് പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്.ഡി.ടി.എൽ) മാർഗനിർദേശങ്ങൾ 2025 നവംബർ ഒന്നിന് പുറപ്പെടുവിച്ചത്. വിവിധ എയർലൈനുകൾ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഡി.ജി.സി.എ അവരുമായി കൂടിയാലോചന നടത്തി ചില മാറ്റങ്ങൾക്ക് അനുമതി നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇൻഡിഗോ ഉയർത്തിവിട്ട പ്രതിസന്ധി സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും സർക്കാറിന്റെ പ്രതികരണം കർക്കശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ചട്ടങ്ങൾ പാലിക്കാതിരുന്നാൽ കർശനവും മാതൃകാപരവുമായ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

