വിമാനത്താവളങ്ങളിൽ പോക്കറ്റ് കീറാതെ ലഘുഭക്ഷണം; പദ്ധതിയുമായി വ്യോമയാന മന്ത്രാലയം
text_fieldsന്യൂഡല്‍ഹി: വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ശീതളപാനീയങ്ങളും ലഘുഭക്ഷണവും ലഭ്യമാക്കാൻ ലക്ഷ്യമിട്ട് എയർ പാസഞ്ചർ കഫേയുമായി (ഉദാൻ യാത്രി കഫേ) വ്യോമയാന മന്ത്രാലയം.
ഉഡാൻ റീജനൽ കണക്ടിവിറ്റി പദ്ധതിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിസംബർ 21ന് ആദ്യ കഫേ പ്രവർത്തനമാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ഉദാൻ യാത്രി കഫേ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുക. കൊൽക്കത്തയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് രാജ്യത്തെ ഇതര വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും.
ലഘുഭക്ഷണം, ചായ, കാപ്പി, വെള്ളം എന്നിവ മിതമായ നിരക്കിൽ ഉദാൻ യാത്രി കഫേയിൽ ലഭ്യമാവും. ആദ്യഘട്ടത്തിൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) നടത്തുന്ന വിമാനത്താവളങ്ങളിലാണ് ഉദാൻ യാത്രി കഫേകൾ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

