കഞ്ചാവിൽ നിന്നും മരുന്നുണ്ടാക്കാൻ കേന്ദ്രം; കർശന വ്യവസ്ഥകളോടെ കൃഷി, പുരോഗതി വിലയിരുത്തി കേന്ദ്ര മന്ത്രി
text_fieldsജമ്മു: കഞ്ചാവിനെ മനുഷ്യരാശിയുടെ വേദനയകറ്റുന്ന ഔഷധമാക്കി മാറ്റുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിങ്. ജമ്മുവിലെ സി.എസ്.ഐ.ആർ - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിനിൽ നടന്ന രാജ്യത്തെ ആദ്യത്തെ കഞ്ചാവ് ഔഷധ ഗവേഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഞ്ചാവ് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള വേദന സംഹാരികൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാൻസർ, അപസ്മാരം, നാഡീസംബന്ധമായ അസുഖങ്ങൾ, കടുത്ത ശ്വാസകോശ തടസ്സങ്ങൾ എന്നിവക്കുള്ള മരുന്നുകൾ ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഫ്രഞ്ച് കമ്പനിയുടെ പങ്കാളിത്തത്തോടെ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ശാസ്ത്രീയ ഗവേഷണങ്ങൾക്കും ഔഷധ ആവശ്യങ്ങൾക്കും മാത്രമായി കഞ്ചാവ് കൃഷിയും ഉപയോഗവും ഉറപ്പാക്കാൻ കർശനമായ നിയമപരമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീരിൽ കഞ്ചാവ് കൃഷിക്കുള്ള അനുമതി നേടിയെടുക്കുന്നത് വലിയ പരിശ്രമത്തിലൂടെയായിരുന്നുവെന്നും ഇത് ഈ മേഖലയിലെ ഗവേഷണത്തിന് പുതിയ വഴിതുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ-സമൂഹ കൂട്ടായ്മ എന്ന കാഴ്ചപ്പാടിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. കേന്ദ്ര സർക്കാരും ജമ്മു കശ്മീർ സർക്കാരും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ വലിയ സാമ്പത്തിക, ഔഷധ നേട്ടങ്ങൾ രാജ്യത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കർശന വ്യവസ്ഥകളോടെയാണ് കൃഷി അനുവദിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ ഭാഗമായി മരുന്നുപയോഗിച്ചുള്ള പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മുംബൈയിലെ പ്രമുഖ കാൻസർ ഗവേഷണ സ്ഥാപനമായ ടാറ്റാ മെമ്മോറിയൽ സെന്ററുമായി സഹകരണം ഉറപ്പിച്ചിട്ടുണ്ട്. ഈ പഠനങ്ങളും മറ്റ് നിയമപരമായ നടപടികളും വിജയകരമായി പൂർത്തിയാക്കിയ ശേഷം മരുന്ന് നിർമ്മാണത്തിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു. 2017-ൽ ജമ്മു കശ്മീർ സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ച ഈ ഗവേഷണ പദ്ധതിക്കായി സ്ഥാപനത്തിൽ 500-ലധികം കഞ്ചാവ് വകഭേദങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്.

