മിസൈൽ നിർമാണത്തിൽ സ്വകാര്യ ഇന്ത്യൻ കമ്പനികളെ ഉൾപ്പെടുത്താൻ കേന്ദ്രം
text_fieldsന്യൂഡൽഹി: തന്ത്രപ്രധാനമായ മിസൈൽ വികസന-നിർമാണ മേഖലയിലേക്ക് സ്വകാര്യ ഇന്ത്യൻ കമ്പനികളെയും ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. സായുധ സേനയുടെ വർധിച്ചുവരുന്ന ആവശ്യങ്ങളും സൗഹൃദ രാജ്യങ്ങളിലേക്കുള്ള മിസൈൽ കയറ്റുമതിയും നിറവേറ്റാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റിന് കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത അസ്‌ത്ര എന്ന ബിയോണ്ട്-വിഷ്വൽ-റേഞ്ച് (BVR) എയർ ടു എയർ മിസൈൽ സ്വന്തമാക്കാൻ ഇന്തോനേഷ്യ താൽപ്പര്യം പ്രകടിപ്പിച്ചതിനുപിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം.
180-200 കിലോമീറ്റർ ദൂരപരിധിയുള്ള അസ്‌ത്ര മാർക്ക് 2 മിസൈൽ നിർമ്മിക്കുന്നതിനായി ഐകോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ക്ഷണിച്ച് പ്രതിരോധ മന്ത്രാലയം ഉടൻ തന്നെ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർ.എഫ്.പി) പുറപ്പെടുവിക്കുമെന്നാണ് വിവരമെന്നും ഹുന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂരിന് മുന്നോടിയായി ചൈന പാകിസ്താന് നൽകിയ ദീർഘദൂര പിഎൽ-15 ഇ (PL-15 E) എയർ-ടു-എയർ മിസൈലിനെ നേരിടാൻ ഈ മിസൈലിന് സാധിക്കും. തേജസ് മാർക്ക് 1-എ, മിഗ്-29, സു-30 എംകെഐ, റാഫേൽ മറൈൻ യുദ്ധവിമാനങ്ങളിൽ അസ്‌ത്ര മാർക്ക് 2 ഘടിപ്പിക്കും.
അടുത്തതായി വികസിപ്പിച്ചെടുക്കുന്ന രണ്ട് ഘട്ടങ്ങളുള്ള, 500 കിലോമീറ്റർ ദൂരപരിധിയുള്ള പ്രളയ് (Pralay) ടാക്റ്റിക്കൽ ബാലിസ്റ്റിക് മിസൈലായിരിക്കും വികസനവും നിർമ്മാണവും സ്വകാര്യ മേഖലക്ക് നൽകുകയെ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരമെന്നും റിപ്പോർട്ടിൽ പറയുന്നു. ശബ്ദത്തിന്റെ ആറിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന പ്രളയ്, പുതുതായി വികസിപ്പിച്ച ലോംഗ് റേഞ്ച് ലാൻഡ്-അറ്റാക്ക് ക്രൂയിസ് മിസൈൽ (LRLACM), അടുത്ത തലമുറ ബ്രഹ്മോസ്, 300 കിലോമീറ്റർ അകലെയുള്ള ശത്രുക്കളെ ലക്ഷ്യമിടാൻ കഴിയുന്ന എക്സ്റ്റൻഡഡ്-റേഞ്ച് പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് റോക്കറ്റ് സേനയുടെ ഭാഗമാണ്.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം മിസൈൽ, റോക്കറ്റ് ആയുധശേഖരം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് മോദി സർക്കാർ. ആന്റി-ബാലിസ്റ്റിക് മിസൈലുകളിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാകിസ്ഥാൻ ഉപയോഗിക്കുന്ന ചെലവ് കുറഞ്ഞ ടർക്കിഷ് ഡ്രോണുകളെയും പീപ്പിൾസ് ലിബറേഷൻ ആർമി ഉപയോഗിക്കുന്ന ദീർഘദൂര റോക്കറ്റുകളെയും ബാലിസ്റ്റിക് മിസൈലുകളെയും നേരിടാൻ മൾട്ടി-ടയർ ആന്റി-മിസൈൽ, ആന്റി-ഡ്രോൺ ശൃംഖല നിർമ്മിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

