ന്യൂഡൽഹി: ദുരൂഹമായ മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു.
ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസിൽ അശ്രദ്ധമായ അന്വേഷണം നടത്തിയതിന് വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരുന്നു. കേസിൽ ആര്യൻ ഖാന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് വാങ്കഡെക്കെതിരായ നീക്കം.
വ്യാജ ജാതി സർട്ടിഫിക്കറ്റ് കേസിൽ നേരത്തെ തന്നെ വാങ്കഡെക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ഇന്ത്യൻ റവന്യൂ സർവിസ് ഓഫിസറാണ് വാങ്കഡെ. അതിനാൽ കേന്ദ്ര ധനമന്ത്രാലയമാണ് വാങ്കഡെക്കെതിരെ നടപടിയെടുക്കാനുള്ള നോഡൽ അതോറിറ്റി. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് വാങ്കഡെക്കെതിരെ നടപടിയെക്കാൻ ബന്ധപ്പെട്ട വകുപ്പിന് കേന്ദ്ര സർക്കാർ നിർദേശം നൽകുകയായിരുന്നു.
എൻ.സി.ബിയുടെ വാദങ്ങൾ തള്ളിയ ബോംബെ ഹൈകോടതി ഒക്‌ടോബർ 28ന് ആര്യന് ജാമ്യം അനുവദിച്ചിരുന്നു. നവംബർ ആറിന് ഈ കേസ് അന്വേഷണത്തിൽ നിന്ന് വാങ്കഡെയെ ഒഴിവാക്കുകയും ചെയ്തു.
ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിന്റെ കീഴിൽ രൂപവത്കരിച്ച ഡൽഹി ആസ്ഥാനമായ പ്രത്യേക സംഘമാണ് തുടരന്വേഷണം നടത്തിയത്.