കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്രം; അലോക് ആരാധെയും വിപുൽ പഞ്ചോളിയും സുപ്രീം കോടതി ജഡ്ജിമാരാകും
text_fieldsജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിപുൽ പഞ്ചോളി
ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയം ശിപാർശ അംഗീകരിച്ച് കേന്ദ്രം. ജസ്റ്റിസ് അലോക് ആരാധെ (നിലവിൽ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിപുൽ പഞ്ചോളി (പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ്) എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമു ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
കൊളീജിയം യോഗത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ജസ്റ്റിസ് പഞ്ചോളിക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കൊളീജിയം ശിപാർശ വിവാദമായിരുന്നു. അഖിലേന്ത്യാ സീനിയോറിറ്റിയിൽ അദ്ദേഹത്തിന്റെ താരതമ്യേന താഴ്ന്ന റാങ്ക് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന 2023-ൽ ഗുജറാത്ത് ഹൈകോടതിയിൽ നിന്ന് പട്ന ഹൈകോടതിയിലേക്ക് അദ്ദേഹത്തെ മാറ്റിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. കൂടാതെ, ഗുജറാത്ത് ഹൈകോടതിയിൽ നിന്ന് ഇതിനകം സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാർ ഉണ്ടെന്ന വസ്തുതയും ഉന്നയിക്കപ്പെട്ടതായാണ് വിവരം.
നിയമനം നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനത്തിന് പ്രതികൂലമാകുമെന്നും കൊളീജിയം സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ജസ്റ്റിസ് നാഗരന്ത മുന്നറിയിപ്പ് നൽകി. പക്ഷേ മറ്റ് നാല് അംഗങ്ങൾ പഞ്ചോളിയുടെ നിയമനത്തെ പിന്തുണച്ചതിനാൽ 4-1 എന്ന നിലയിൽ കൊളീജിയത്തിൽ തീരുമാനം അംഗീകരിക്കപ്പെട്ടു. ഈ ശിപാർശയാണ് അതിവേഗം കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതി ഉത്തരവും പുറപ്പെടുവിച്ചത്.
സുപ്രീം കോടതി കൊളീജിയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ ജസ്റ്റിസ് നാഗരത്നയുടെ വിയോജിപ്പ് രേഖപ്പെടുത്തുകയോ തീരുമാനം സംബന്ധിച്ച് കാരണങ്ങൾ പ്രതിപാദിക്കുകയോ ചെയ്തിട്ടില്ല. സീനിയോറിറ്റി അനുസരിച്ച് 2031 ഒക്ടോബർ മുതൽ 2033 മെയ് വരെ ജസ്റ്റിസ് പഞ്ചോളി സുപ്രീം കോടതി ചീഫ് ജസ്റ്റിസായേക്കും. ഇതോടെ, സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം പൂർണ ശേഷിയായ 34 ആയി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

