ബംഗ്ലാദേശിൽ തള്ളിയവരെ തിരികെ എത്തിക്കൽ: കേന്ദ്രം സുപ്രീംകോടതിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് അതിർത്തി കടത്തിയ ഗർഭിണി ഉൾപ്പെടെ ആറ് പശ്ചിമ ബംഗാൾ സ്വദേശികളെ തിരിച്ചുകൊണ്ടുവരണമെന്ന കൽക്കത്ത ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പശ്ചിമ ബംഗാളിലെ ബീർഭൂം ജില്ലയിലെ സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ്, എട്ടുവയസ്സുകാരനായ മകൻ എന്നിവരെയും 32കാരി സ്വീറ്റി ബീബിയെയും ആറും 16 ഉം വയസ്സുള്ള രണ്ട് ആൺമക്കളെയുമാണ് നാല് ആഴ്ചക്കകം തിരികെ കൊണ്ടുവരണമെന്ന് കൽക്കത്ത ഹൈകോടതി സെപ്റ്റംബർ 26ന് ഉത്തരവിട്ടത്.
സുനാലി ഖാത്തൂനെയും സ്വീറ്റി ബീബിയുടെയും മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലായിരുന്നു നടപടി. സുനാലിയുടെ പ്രായപൂർത്തിയാകാത്ത മകനെ നാടുകടത്താനുള്ള കേന്ദ്ര ഉത്തരവും ഹൈകോടതി റദ്ദാക്കി. തിരികെ കൊണ്ടുവരാൻ ഹൈകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിന് പിന്നാലെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.
20 വർഷമായി ഡൽഹിയിൽ ആക്രിപൊറുക്കി ജീവിക്കുകയായിരുന്നു ഇവർ. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ബി.എസ്.എഫിന് കൈമാറി ജൂൺ 26നാണ് അതിർത്തിക്കപ്പുറത്തേക്ക് തള്ളിയത്. തുടർന്ന് ബംഗ്ലാദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവർ ആഗസ്റ്റ് ഒന്നുമുതൽ ജയിലിലാണ്. രേഖകൾ പരിശോധിച്ച ബംഗ്ലാദേശ് കോടതി ആറുപേരും ഇന്ത്യക്കാരാണെന്നും തിരികെ കൊണ്ടുപോകണമെന്നും ധാക്കയിലെ ഇന്ത്യൻ എംബസിയോട് രണ്ടാഴ്ച മുമ്പ് ഉത്തരവിട്ടിരുന്നു.
നേരത്തേ, മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് തള്ളിയ ഏതാനും പേരെ മമത ബാനർജി ഇടപെട്ട് തിരികെ കൊണ്ടുവന്നിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവരെ വ്യാപകമായി കസ്റ്റഡിയിലെടുത്ത് രേഖകൾ പരിശോധിക്കുകയും നിരവധി പേർ പീഡനത്തിന് ഇരയാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതോടെ, മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെ മുഖ്യമന്ത്രി മമത തിരികെ വിളിക്കുകയും പ്രതിമാസം 5,000 രൂപവരെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

