സെൻസസിൽ ജാതി കോളം ചേർക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു
text_fieldsന്യൂഡൽഹി: അടുത്ത സെൻസസിൽ ജാതി കോളം ചേർക്കുന്നത് പരിഗണിക്കാനൊരുങ്ങി കേന്ദ്രം. ജാതി സെൻസസ് നടപ്പാക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 2021 ൽ നടത്തേണ്ടിയിരുന്ന സെൻസസ് കോവിഡ് കാരണം വൈകിയിരിക്കുകയാണ്.
1881 മുതൽ രാജ്യത്ത് ഓരോ 10 വർഷം ഇടവിട്ട് സെൻസസ് നടത്തുന്നുണ്ട്. ജാതി സെൻസസ് നടപ്പാക്കണമെന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ജാതി സെൻസസ് നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിച്ചാൽ ഒരു ശക്തിക്കും നിങ്ങളെ അതിൽ നിന്ന് തടയാൻ സാധിക്കില്ല. മോദി നടപ്പാക്കിയില്ലെങ്കിൽ അടുത്ത പ്രധാനമന്ത്രി അത് നടപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കുകയുണ്ടായി. ബി.ജെ.പിയുടെ സഖ്യകക്ഷികളായ ചിരാഗ് പാസ്വാന്റെ എൽ.ജെ.പി, നിതീഷ് കുമാറിന്റെ ജെ.ഡി.യു എന്നീ പാർട്ടികളും ജാതി സെൻസസ് ആവശ്യപ്പെട്ടിരുന്നു.
ബിഹാറിൽ ജെ.ഡി.യു സംസ്ഥാന വ്യാപകമായി നടത്തിയ ജാതി സർവേ ഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് ദേശീയതലത്തിലും ജാതി സെൻസസ് നടത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ബിഹാറിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജാതി സെൻസസ് നടന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 80 ശതമാനത്തിലധികവും പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണെന്ന് അതോടെ വെളിപ്പെട്ടിരുന്നു. വനിത സംവരണ ബില്ല് നടപ്പാക്കുന്നതും സെൻസസിനെ ആശ്രയിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

