ടെറിറ്റോറിയൽ ആർമിയുടെ സേവനം ഉപയോഗിക്കാൻ കരസേനക്ക് അനുമതി; അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ടെറിറ്റോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗിക്കാൻ കര സേനക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. സംഘർഷം വ്യാപിച്ചാൽ കരസേന മേധാവിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് 2028 ഫെബ്രുവരി ഒമ്പതുവരെ കാലാവധിയുള്ള ഉത്തരവിൽ പറയുന്നു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ വിളിച്ച് സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി. അതിർത്തി സംസ്ഥാനമെന്ന നിലയിൽ പൗരന്മാരുടെ സുരക്ഷക്കായി സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തതായി ഭൂപേന്ദ്ര പറഞ്ഞു. സംഘർഷം കനക്കുന്നതിനിടെ അതിർത്തി സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശമുള്ളത്.
സർക്കാർ കെട്ടിടങ്ങളും തിരക്കേറിയ പ്രദേശങ്ങളും ഉൾപ്പെടെ ഡൽഹിയിലെ സുപ്രധാന സ്ഥാപനങ്ങളിൽ സുരക്ഷ ശക്തമാക്കി. സർക്കാർ കെട്ടിടങ്ങൾ, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ, കോടതികൾ, വിദേശ എംബസികൾ എന്നിവയുൾപ്പെടെ എല്ലാ സുപ്രധാന സ്ഥാപനങ്ങളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഏത് വിധത്തിലുള്ള പാക് പ്രകോപനങ്ങളെയും നേരിടാനുള്ള മുൻകരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കി. എല്ലാവരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. സംഘർഷം രൂക്ഷമാകുന്നതിനിടെ തുടർനടപടികൾ ചർച്ച ചെയ്യാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാമേധാവി അനിൽ ചൗഹാനും ത്രിതല സേനാമേധാവികളുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് പ്രകോപനം ശക്തമാകുന്ന ഘട്ടത്തിൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും പ്രതിരോധ വൃത്തങ്ങൾ നൽകിയിരുന്നു.
അതിർത്തി മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പും ബ്ലാക്ക്ഔട്ട് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശ്രീനഗറിനും ജമ്മുവിനും പുറമെ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി മോഖലകളിലുമാണ് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ചണ്ഡീഗഡിൽ അപായ സൈറൺ മുഴങ്ങിയിരുന്നു.
ജനങ്ങളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനും വൈദ്യുതി ഓഫ് ചെയ്യാനും ചണ്ഡീഗഡ് ഭരണകൂടം നിർദേശം നൽകി. പാക് ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മൊഹാലിയിലും ജാഗ്രത നിർദേശമുണ്ട്. താമസക്കാർ വീടുകൾക്കുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും നിർദേശിച്ചു. പുറത്തോ മേൽക്കൂരകളിലോ കയറരുതെന്നും നിർദേശിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ പ്രവർത്തനവും നിർത്തിവെച്ചു.
വ്യാഴാഴ്ച രാത്രി ചണ്ഡീഗഢിൽ അടിയന്തര ബ്ലാക്ക്ഔട്ടിന് നിർദേശിച്ചിരുന്നു. സൈറണുകൾ മുഴങ്ങുകയും രാത്രി 9.30 ഓടെ വൈദ്യുതി ഓഫാക്കുകയും ചെയ്തു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

