മണിപ്പൂർ നഗ്ന വിഡിയോ കേസ് സി.ബി.ഐക്ക്; ദൃശ്യം പകർത്തിയ ഫോൺ കണ്ടെടുത്തു
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതികളുടെ ദൃശ്യം പകർത്തിയ ആളെ തിരിച്ചറിഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തു നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. മേയ് മൂന്നിന് സംസ്ഥാനത്ത് പൊട്ടിപുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ 160ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
മേയ് നാലിനാണ് മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തിൽ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയത്. ഒരാളെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന്‍റെ 26 സെക്കൻഡ് നീളമുള്ള വിഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇരകളായ സ്ത്രീകൾ 21ന് കാങ്പോപി ജില്ലയിലെ സൈകുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുത്തില്ല. ഒടുവിൽ വിവാദമായതോടെയാണ് കേസെടുക്കാൻ തയാറായത്.

