ന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഇളവിൻെറ നാലാം ഘട്ടത്തിൽ മെട്രോ റെയിൽവേ സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. സെപ്തംബർ ഏഴ് മുതലാണ് സർവീസ് ആരംഭിക്കുന്നത്. ഇപ്പോൾ ഇതിനുള്ള മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. കേന്ദ്ര വ്യോമയാന-നഗരവികസന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരിയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ഘട്ടം ഘട്ടമായാണ് ഇന്ത്യയിൽ മെട്രോ സർവീസ് പുനരാരംഭിക്കുക. സെപ്തംബർ ഏഴിന് തുടങ്ങുന്ന സർവീസ് 12നാണ് പൂർണമായ രീതിയിലേക്ക് എത്തുക. മെട്രോ സർവീസുകളുടെ വരുമാനം കൂടി പരിഗണിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളു. കണ്ടെയ്ൻമെൻറ് സോണുകളിൽ സർവീസുണ്ടാവില്ല. തിരക്ക് ഒഴിവാക്കാൻ നിശ്ചിത ഇടവേളകളിലാവും സർവീസ് നടത്തുക. യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. മാസ്ക് ഇല്ലാത്തവർക്ക് അത് നൽകാൻ മെട്രോ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കണം.
മെട്രോ സ്റ്റേഷനുകളിലെ ടോക്കൺ പേപ്പറുകളും സ്ലിപ് ടിക്കറ്റുകളും സാനിറ്റൈസേഷന് വിധയേമാക്കണം. കുറച്ച് ലഗേജുമായി യാത്രക്കെത്തണമെന്നും നിർദേശമുണ്ട്. ഡൽഹി, നോയിഡ, ചെന്നൈ, കൊൽക്കത്ത, കൊച്ചി തുടങ്ങിയ മെട്രോ സർവീസുകളാണ് സെപ്തംബർ ഏഴിന് തുടങ്ങുക. മഹാരാഷ്ട്ര ഇതുവരെയും മെട്രോ സർവീസ് തുടങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ല.