സോനം വാങ്ചുകിന് ഭാര്യയുമായി തടവറയിലെ കുറിപ്പുകൾ പങ്കിടാൻ അനുമതി; ഹരജിയിൽ ഈമാസാവസാനം വീണ്ടും വാദം കേൾക്കും
text_fieldsന്യൂഡൽഹി: ജയിലിൽ കഴിയുന്ന ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് തടങ്കലിനെ കുറിച്ചുള്ള കുറിപ്പുകൾ ഭാര്യ ഗീതാഞ്ജലി ആങ്‌മോയുടെ അഭിഭാഷകനുമായി പങ്കുവെക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. വാങ്ചുകിന്റെ അനധികൃത തടങ്കലിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യ.
കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചത്. തുടർന്ന് ഹരജിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഗീതാഞ്ജലിക്ക് സമയം നൽകിക്കൊണ്ട് വാദം കേൾക്കൽ ഒക്ടോബർ 29 ലേക്ക് മാറ്റി.
ലേയിൽ പൊലീസ് വെടിവെപ്പിൽ നാല് പ്രതിഷേധക്കാർ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് വാങ്ചുകിനെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജോധ്പൂരിലാണ് ജയിലിലാണ് അദ്ദേഹം. ഗീതാഞ്ജലിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്. തടങ്കലിനെ കുറിച്ച് വാങ്ചുക് എഴുതിയ കുറിപ്പുകൾ ഭാര്യക്ക് കൈമാറാൻ അനുമതി വേണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. അതിൽ എതിർപ്പില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
വാങ്ചുകിനെ തടവിൽ വെച്ചിരിക്കുന്നതിന്റെ കാരണം കുടുംബത്തെ അറിയിക്കാത്തത് നിയമനടപടികളുടെ ലംഘനമാണെന്നും കപിൽ സിബൽ വാദിച്ചു. എന്നാൽ തടവിലാക്കിയതിന്റെ കാരണം വാങ്ചുകിനെ അറിയിച്ചിട്ടുണ്ടെന്നും ഇത് കുടുംബത്തെ അറിയിക്കണമെന്ന വാദത്തിന് നിയമപരമായ സാധുത ഇല്ലെന്നുമായിരുന്നു തുഷാർ മേത്തയുടെ പ്രതികരണം. വാങ്ചുകിനെ ഗീതാഞ്ജലി ജയിലിലെത്തി കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

