'ജനറൽ ഉൾപ്പെടെ എല്ലാ കോച്ചുകളും ഓരോ മണിക്കൂറിലും വൃത്തിയാക്കും'; ട്രെയിനുകളിൽ ശുചിത്വമുറപ്പാക്കാൻ കേന്ദ്ര പദ്ധതി
text_fieldsന്യൂഡൽഹി: ട്രെയിനുകളിൽ ശുചിത്വം ഉറപ്പ് വരുത്തുന്നതുൾപ്പെടെ വമ്പൻ പരിഷ്കരണങ്ങളുമായി കേന്ദ്രം. ആദ്യ ഘട്ടത്തിൽ 80 ട്രെയിനുകളിലാണ് പദ്ധതി നടപ്പിലാക്കുക. ജനറൽ അടക്കമുള്ള എല്ലാ കോച്ചുകളിലെയും ശുചിമുറിയും വാഷ് ബേസിനും ഓരോ ഒന്ന്-രണ്ട് മണിക്കൂറിലും വൃത്തിയാക്കും. ഈ സമയം ട്രെയിനിനുള്ളിലെ ചെറിയ അറ്റകുറ്റപ്പണികളും ജല വിതരണവും ഉറപ്പാക്കും.
വൃത്തിയാക്കിയ കോച്ചുകളുടെ എ.ഐ അസസ് ചെയ്യുന്ന ചിത്രങ്ങൾ റെയിൽവേ കൺട്രോൾ റൂമിലെത്തുകയും ചെയ്യും. ആദ്യ ആറ് മാസത്തിനുള്ളിൽ പരിഷ്കാരം നടപ്പിലാക്കും. അത് കഴിഞ്ഞ ശേഷം അടുത്ത 80 ട്രെയിനുകളിലും പരിഷ്കാരം കൊണ്ടുവരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ട്രെയിനുകളിലും ക്ലീൻ ട്രെയിൻ പരിഷ്കാരങ്ങൾ കൊണ്ടു വരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 12ാം ക്ലാസും ഐ.ടി.ഐയും പാസായവരെ സൂപ്പർവൈസർമാരായി നിയമിച്ച് തത്സമയം നിരീക്ഷണവും അഭിപ്രായ ശേഖരണവും നടത്താൻ പദ്ധതിയുണ്ട്. നിലവിൽ വിവിധ പാർട്ടികൾ നടത്തുന്ന ലിനൻ, ഓൺ ബോർഡ് ക്ലീനിങ് പ്രവർത്തനങ്ങൾ റെയിൽവേ ഏകോപിപ്പിക്കും.
പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതിന് അധിക ചെലവ് ഉണ്ടാകുമെന്നും ഇതിന്‍റെ കണക്കെടുപ്പ് നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ വൃത്തിയാക്കുന്നതിന് യാത്രക്കാരിൽ നിന്ന് അധിക തുക ഈടാക്കില്ലെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

